രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണ നില തുടരുമെന്നും അതിന് ശേഷം മൺസൂൺ കാലയളവിൽ എൽ നിനോ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാലവർഷം ദുർബലമാകുന്നത് വരും മാസങ്ങളിൽ സംസ്ഥാനത്തെ കാലാവസ്ഥയെ കാര്യമായി ബാധിക്കും. വേനൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും കേരളത്തിൽ ചൂട് ക്രമാതീതമായി വർധിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയരാൻ സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ടയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നത് കാരണം മലയോര മേഖലകളിലൊഴികെ ശാരീരിക അസ്വസ്ഥതകൾക്കും കാരണമായേക്കും. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.



