General

ഇഷ്ടമുള്ള വിഷയം പഠിക്കുവാനുള്ള അവസരം ഒരുക്കുക ഗവൺമെന്റ് ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ : ഐച്ഛിക വിഷയത്തോടൊപ്പം താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകൾ ചെയ്യുന്നത് എന്നും സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

സംസ്കാര വേദിയുടെ വിദ്യാഭ്യാസ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷ ബിരുദ കോഴ്സുകൾ, സ്വദേശത്തും വിദേശത്തും ഉള്ള ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും എന്നീ വിഷയങ്ങളിൽ ആയിരുന്നു വെബിനാർ.

ഡയസ് ഇടിക്കുള (യു എ ഇ), റിച്ചു ഫിലിപ്പ് (ന്യൂസിലാൻഡ്), ഡോ. മിലിന്ദ് തോമസ് (ഐ ഐ ഐ ടി കോട്ടയം), ഡോ. മാത്യു കെ ലൂക്ക് (യു എസ്), ഡോ. സാജു എസ് (കേരള സർവകലാശാല കോ ഓർഡിനേറ്റർ), സാജൻ പെരേപ്പാടൻ (സ്വിറ്റ്സർലാൻഡ്), മാത്യു ഏലൂർ (യുകെ), സജിത് കുമാർ, ജയപ്രകാശ് (കാനഡ) എന്നിവരാണ് സെഷനുകൾ കൈകാര്യം ചെയ്തത്.

സംസ്കാരവേദി പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായിരുന്നു. കോ – ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, ഡോ. എൽസമ്മ അറക്കൽ, രാജു കുന്നക്കാട്, ജെയിംസ് തെക്കേമുറി, ബാബു ടി ജോൺ, ഡോ. അലക്സ് മാത്യു, റോയ് .ജെ. കല്ലറങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.

ഓൺലൈനായി നടന്ന പരിപാടിയിൽ സംസ്ഥാനത്തിന് അകത്തും പുറത്തുള്ള നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു . നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് യൂട്യൂബ് ലിങ്കും നൽകി. വെബിനാറിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ സംശയ നിവാരണ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. https://youtu.be/R9IAh5HJ-iY?si=S9bpya4M6HkAy5fc

Leave a Reply

Your email address will not be published. Required fields are marked *