കൊച്ചി : കൊച്ചി കുണ്ടന്നൂര്‍ ജംക്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. നിരവധി ഇരുചക്രവാഹനങ്ങളാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
തൃപ്പൂണിത്തുറയിൽ താമസിക്കുന്ന മഹേഷ് തന്റെ സഹോദരിക്കും പെൺസുഹൃത്തിനുമൊപ്പം കാറിൽ വരുമ്പോഴായിരുന്നു അപകടം. രാത്രികാലങ്ങളിൽ കുണ്ടന്നൂർ ജംക്‌ഷനിലെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തി ചായ കുടിക്കുന്ന നിരവധിപേരുണ്ട്. ഇത്തരത്തിൽ എത്തിയവരുടെ വാഹനങ്ങൾ പാർക്കു ചെയ്തിടത്തേക്ക് മഹേഷിന്റെ കാർ പാഞ്ഞുകയറിയത്.
ഇടിയേറ്റ വാഹനങ്ങളിൽ ഒട്ടുമിക്കതിനുംകേടുപാടുകളുണ്ടെങ്കിലും ആളപായം സംഭവിച്ചിട്ടില്ല. വാഹനാപകടത്തിനു ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ മഹേഷ് നാട്ടുകാരെ തെറിവിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.