ഒരു അമ്മയുടെ കഥയാണിത്. കുഞ്ഞിന് ജൻമം നൽകി രണ്ടര മാസം കൊണ്ട് ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്‌മി പ്രശാന്തിന്റേത്. ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ മൂന്ന് കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ് ശ്രീലക്ഷ്‌മി പങ്കെടുത്തത്.
ഡോക്ടർ ശ്രീലക്ഷ്‌മി പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്‌താൽമോളജിസ്റ്റാണ്. രണ്ടര മാസം മുമ്പാണ് ശ്രീലക്ഷ്‌മി പെൺകുഞ്ഞിന് ജൻമം നൽകിയത്. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു.
ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്‌ന്റ് പ്രഫസറുമായ ഹരികൃഷ്ണൻ, നാല് വയസ്സുകാരനായ മകൻ വിയാൻ കൃഷ്ണ, പുതുതായി ജൻമം നൽകിയ സാൻവി ബദ്ര എന്നിവർ ട്രാക്കിലെ ഡോക്ടറുടെ പ്രകടനത്തിന് സാക്ഷിയായി.
ഉറച്ച മനസ്സുമായാണ് ഡോ. ശ്രീലക്ഷ്‌മി ട്രാക്കിലെത്തിയത്. ‘പ്രസവശേഷമുള്ള ഡിപ്രഷൻ അലട്ടുന്നുണ്ടായിരുന്നു. യോഗ ചെയ്‌തത് ഗുണമായി. ഭർതൃമാതാവ് ഷിജി ഉണ്ണികൃഷ്ണനാണ് മാരത്തണിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്.
55കാരിയായ ഷിജി സ്‌തനാർഭുതത്തെ അതിജീവിച്ച വ്യക്തിയാണ്. എങ്ങനെ പൊരുതണമെന്ന് എനിക്ക് കാണിച്ചുതന്നത് അവരാണ്. ആ വഴി പിന്തുടരാനാണ് ആഗ്രഹിച്ചത്’–-ഡോ. ശ്രീലക്ഷ്‌മി പറഞ്ഞു. മാരത്തണിൽ ഓടിയത് അവർക്ക് വ്യക്തിപരമായ നേട്ടം മാത്രമല്ല. പ്രസവത്തിനുശേഷം ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാ അമ്മമാർക്കുമുള്ള സന്ദേശമായാണ് അവർ അതിനെ കാണുന്നത്.
ഊർജം വീണ്ടെടുക്കാനും ആത്മവിശ്വാസത്തോടെ വീണ്ടും ജോലി ചെയ്യാനും മാരത്തൺ ഡോ. ശ്രീലക്ഷ്‌മിക്ക് പ്രചോദനമായി. ‘ഈ മാരത്തൺ ഞാൻ വീണ്ടും എന്റെ പ്രഫഷണലിലേക്ക് തിരികെ പ്രവേശിക്കാൻ വഴികാട്ടി.

കുടുംബം എന്നും ഒപ്പമുണ്ട്. കുട്ടിയെ സംരക്ഷിക്കാനും പരിപാലിക്കാനും അവർ എന്നുമുണ്ട്. എന്റെ മകൾ എല്ലാത്തിലും സഹകരിക്കുന്നുണ്ട്. എന്റെ അമ്മ, ശ്രീജ പ്രശാന്തിനൊപ്പം അവൾ സന്തോഷവതിയാണ്. മുന്നോട്ടുള്ള യാത്രയിൽ അമ്മ വലിയ കരുത്താണ്’.
ഡോ. ശ്രീലക്ഷ്‌മിയുടെ പങ്കാളിത്തം മാതൃത്വവും ജോലിയും ഒന്നിച്ചുകൊണ്ടുപോകുന്ന അനേകം സ്‌ത്രീകൾക്ക് വലിയ പ്രചോദനമാകും. കുഞ്ഞിന് ജൻമം നൽകിയതിന് പിന്നാലെ ട്രാക്കിലെത്തിയ അവർ പഴയ രീതികളെയും ചട്ടങ്ങളെയും വെല്ലുവിളിച്ച് പുതിയ മാതൃക എല്ലാ അമ്മമാർക്കുമായി തീർത്തിരിക്കുകയാണ്.