കോട്ടയം: സംസ്ഥാനത്തു 14 വയസിനു മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരതയിലേക്ക് കൊണ്ടുവരുന്ന ‘ഡിജികേരളം’ പദ്ധതിയുടെ കോട്ടയം ജില്ലയിലെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു.
സ്മാർട്ട് ഫോൺ ഓൺ ആക്കാനും ഓഫാക്കാനും അറിയുക, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രാപ്തമാക്കുക, ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ, ഗ്യാസ് ബുക്കിംഗ്, വീഡിയോ കോൺഫറൻസ് ആപ്ലിക്കഷേൻ, വൈദ്യുതി, വാട്ടർബില്ലുകൾ ഓൺലൈനായി അടക്കൽ തുടങ്ങിയ പരിശീലനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കുടുംബശ്രീ, സാക്ഷരതാ മിഷൻ, ആർ.ജി.എസ്.എ, എൻഎസ്എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ വോളണ്ടിയർമാർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനശേഷം ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിക്കും.
പരിശീലനം, മൂല്യനിർണയം എന്നിവ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് നിർവഹിക്കുന്നത്. ഒക്ടോബർ ഇരുപതോടുകൂടി മൂല്യനിർണയം പൂർത്തിയാക്കി കേരളപ്പിറവിദിനത്തിൽ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ തല ഉദ്ഘാടനചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായി. ജില്ല ചാർജ് ഓഫീസർ സി.ആർ പ്രസാദ്, സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, ആർ.ജി.എസ്.എ പ്രോജക്റ്റ് മാനേജർ ആർ.രാഹുൽ, സി.ഡി.ഇ: വിജയ്‌ഘോഷ് എന്നിവർ പങ്കെടുത്തു.