കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15-ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് ഉജ്ജ്വല തുടക്കം. പ്രശസ്ത സിനിമാതാരം ജ്യോതിർമയി മേള ഉദ്ഘാടനം ചെയ്തു.
ശാസ്ത്രി റോഡിലെ ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. മാക്ട (MACTA) ചെയർമാൻ ജോഷി മാത്യു, കലാരത്‌നം ആർട്ടിസ്റ്റ് സുജാതൻ, പി.ആർ. ഹരിലാൽ, പി.കെ. ആനന്ദക്കുട്ടൻ, തെക്കിൻകാട് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച ‘ശാകുന്തളം’ എന്ന നാടകം അരങ്ങേറി. നവംബർ 23 മുതൽ ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ പത്ത് നാടകങ്ങൾ മാറ്റുരയ്ക്കും. തിരുവനന്തപുരം സംഘചേതനയുടെ തിരുത്ത് ആണ് എന്ന് (തിങ്കൾ) അവതരിപ്പിക്കുന്ന നാടകം.





