Top News

ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്.

ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ് ദയാവധ നടപടികൾക്ക് നേതൃത്വം നൽകിയത്.

മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്ന് ആയിരുന്നു ഡോക്ടർമാരുടെ സംഘം പറഞ്ഞത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.

ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് നീതി നൽകികൊണ്ടുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയവധം നൽകണമെന്ന് അപേക്ഷിച്ച് വൃദ്ധമാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെപി പർദ്ദിവാലാ,ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *