Mundakayam

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സമ്പൂർണ്ണ അംഗൻവാടി കെട്ടിട നിർമ്മാണ പദ്ധതി

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും കെട്ടിടം നിർമ്മിക്കുന്നത് ലക്ഷ്യം വെച്ച് 2024-25 സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സമ്പൂർണ്ണ അംഗൻവാടി കെട്ടിട നിർമ്മാണ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഈ തുക വിനിയോഗിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്വന്തമായി കെട്ടിടമില്ലാത്ത മുഴുവൻ അംഗൻവാടികൾക്കും കെട്ടിടം നിർമ്മിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. മുണ്ടക്കയം( കാഞ്ഞിരപ്പള്ളി അഡിഷണൽ ), ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ ഐ.സി.ഡി.എസ് ഓഫീസുകളുടെ കീഴിലായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ആകെ 258 അംഗൻവാടികളാണ് നിലവിലുള്ളത്.

ഇതിൽ 197 അംഗൻവാടികൾക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ട്. 6 അംഗൻവാടികൾക്ക് സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടങ്ങൾ ഇല്ല. എന്നാൽ മറ്റ് 55 അംഗൻവാടികൾക്ക് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല.

അപ്രകാരമുള്ള അംഗൻവാടികൾക്ക് സ്ഥല ലഭ്യത ഉറപ്പുവരുത്താൻ വേണ്ടി തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളോ അഥവാ ഉദാരമതികളുടെ സഹായത്തോടെ സൗജന്യമായി സ്ഥലം കണ്ടെത്തുകയോ സാധിക്കാത്ത പക്ഷം ത്രിതല പഞ്ചായത്ത് പദ്ധതികളിലൂടെ സ്ഥലം വാങ്ങുകയോ ചെയ്ത് സമ്പൂർണ്ണ സ്മാർട്ട് അംഗൻവാടി നിർമ്മാണം യാഥാർത്ഥ്യമാക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

ഇതിനായി മാർച്ച് 4, 5 തീയതികളിലായി അതാത് തദ്ദേശസ്ഥാപനങ്ങളിൽ സ്വന്തമായി സ്ഥലമില്ലാത്ത അംഗൻവാടികളുടെ വർക്കർമാർ, ഹെൽപ്പർമാർ, അംഗൻവാടി വെൽഫെയർ കമ്മിറ്റി പ്രസിഡന്റ്മാർ, പഞ്ചായത്ത് വാർഡ് മെമ്പർമാർ, ജില്ലാ-ബ്ലോക്ക് മെമ്പർമാർ, വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ-ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം മുഴുവൻ പഞ്ചായത്തുകളിലും ചേരുമെന്നും അപ്രകാരം ചേരുന്ന യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും സ്ഥലല ലഭ്യത ഉറപ്പുവരുത്തി സമ്പൂർണ്ണ സ്മാർട്ട് അംഗൻവാടി പദ്ധതി നടപ്പിലാക്കുമെന്നും, അതുവഴി മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി സ്ഥലവും, കെട്ടിടവുമുള്ള സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *