Moonnilavu

മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ച ചാർലി ഐസക് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

മൂന്നിലവ്: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍നിന്ന് രാജിവെച്ച് മാണി ഗ്രൂപ്പിലെത്തിയ ചാർലി ഐസക് യു .ഡി.എഫ്. പിന്തുണയോടെ മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി. മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ചാണ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ചാര്‍ളി ഐസക് പ്രസിഡന്റായത്.

2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ‘ചെണ്ട’ ചിഹ്നത്തില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായാണ് ചാര്‍ളി മൂന്നിലവ് പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്ന് ജയിച്ചത്. പിന്നീട് 2022 ഫെബ്രുവരിയില്‍ ഇയാള്‍ മാണി ഗ്രൂപ്പിലേക്ക് കൂറുമാറുകയായിരുന്നു.

മാണി ഗ്രൂപ്പിലെത്തിയ ചാര്‍ളിയ്ക്ക് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും ലഭിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന് അയച്ച രാജിക്കത്തില്‍ ചാര്‍ളി പറയുന്നു.

പ്രാഥമിക അംഗത്വത്തില്‍നിന്നും പോഷകസംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്തങ്ങളില്‍നിന്നും താന്‍ രാജിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ചാര്‍ളിയുടെ രാജിയെന്നത് ശ്രദ്ധേയമാണ്. എതിരില്ലാതെയാണ് ചാര്‍ളി ഐസക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ച ചാർലി ഐസക് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായിചാര്‍ളി എത്തിയതോടെ യു.ഡി.എഫ്-8, എല്‍.ഡി.എഫ്-5 എന്നിങ്ങനെയാണ് മൂന്നിലവ് പഞ്ചായത്തിലെ സീറ്റുനില.

മാണി വിഭാഗത്തിലെ ചില നേതാക്കള്‍ നല്‍കാന്‍ കഴിയാത്ത ഓഫറുകള്‍ തന്നാണ് തന്നെ അങ്ങോട്ട് കൊണ്ടുപോയതെന്ന് ചാര്‍ളി ഐസക് പറഞ്ഞു. അവിടെ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് മനസിലാക്കിയാണ് തിരികെ യു.ഡി.എഫിലേക്ക് വന്നത്.

ഒന്നരവര്‍ഷത്തിനുശേഷം അടുത്ത ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മൂന്നിലവ് പഞ്ചായത്തില്‍ യു.ഡി.എഫിന്റെ ശക്തമായ നേതൃത്വമുണ്ടാണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആഗ്രഹം. അതുകൊണ്ടാണ് അവര്‍ യു.ഡി.എഫിലേക്ക് ക്ഷണിച്ചതെന്നും പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും ചാര്‍ളി ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *