വാഴത്തോപ്പ്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കാൻ ഹെൽപ്പ് – കാൻസറിനെതിരെ ഒരുമിച്ച് എന്ന പേരിൽ ബൃഹത് പദ്ധതിക്കു ഇടുക്കി ജില്ലയിൽ നിന്നു തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കാൻസറിനെതിരെ പോരാടാൻ ബോധവൽക്കരണമാണ് ഏറ്റവും പ്രധാന മാർഗ്ഗമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ബോധവൽക്കരണവും മുൻകൂട്ടിയുള്ള പരിശോധനയും എവർക്കും ഉറപ്പിക്കാൻ മാർ സ്ലീവാ മെഡിസിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ കൂടുതൽ ബോധവൽക്കരണ പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ പദ്ധതി അവതരിപ്പിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് പള്ളി വികാരി റവ.ഫാ.ടോമി ആനിക്കുഴിക്കാട്ടിൽ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് , ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത് കെയർ പ്രമോഷൻസ് വിഭാഗം ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഇടുക്കി രൂപത മാതൃവേദി സെക്രട്ടറി ആഗ്നസ് ബേബി എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി സ്തനനാർബുദത്തെ കുറിച്ചു ബോധവൽക്കരണ പരിപാടികളും സ്ക്രിനീംഗ് പരിശോധനകളും ശലഭം എന്ന പേരിൽ നടത്തി . കൂടാതെ വായിലെ കാൻസർ, ഗർഭാശയ കാൻസർ എന്നിവയുടെ പരിശോധനയും നടത്തി.