പാലാ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രക്തദാന ദിനാചരണ പരിപാടികളെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, റേഞ്ചർ & റോവർ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഫെഡറൽ ബാങ്കിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയിൽ ഒരു രക്തദാന വിപ്ലവം തന്നെ പാലാ ബ്ലഡ് ഫോറം എന്ന പേരിൽ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും രക്തദാന രംഗത്തെ പാലാ ബ്ലഡ് ഫോറത്തിൻ്റെ പ്രവർത്തനം കേരളത്തിന് തന്നെ ഒരു മാതൃകയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഡി.വൈ.എസ്.പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ.സദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി.
ലയൺസ് ക്ലബ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണം നടത്തി പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ, റേഞ്ചർ ലീഡർ അനിറ്റാ അലക്സ്, റോവർ സ്കൗട്ട് ലീഡർ നോബി ഡോമിനിക്, പ്രോഗ്രാം കോർഡിനേറ്റർ അരുൺ പോൾ , മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ , പ്രഫസർ സുനിൽ തോമസ് , ജയ്സൺ പ്ലാക്കണ്ണി, ജോമി സന്ധ്യാ , ഡോക്ടർ മാമച്ചൻ , സിസ്റ്റർ ബിൻസി എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് നടന്ന മെഗാ രക്തദാന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു. ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബും ബ്ലഡ് ഫോറം ഡയറക്ടർ ജയ്സൺ പ്ലാക്കണ്ണിയുടെ 71 -ാം മത് തവണയും രക്തം ദാനം ചെയ്തു. വിദ്യാർത്ഥികളുടെ മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ആണ് രക്തദാനത്തിന് എത്തിയത്. മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.