പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും ലയൺസ് ഇൻ്റർനാഷണൽ 318 B യുടേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു.
രക്തം നൽകൂ… പ്രതീക്ഷ നൽകൂ… “ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം . ഈ പ്രമേയം രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുന്നതിൽ സാമൂഹിക ഐക്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു.
സുരക്ഷിതമായ രക്തദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക, പതിവ് രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയ പറഞ്ഞു.
പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡി എം ഓ. കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ദിനാചരണ സന്ദേശം നൽകുകയും മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . പ്രിൻസി ഫിലിപ്പ്, ഡോ. ആൻ്റോ മാത്യു, ആരോഗ്യകേരളം പ്രോഗ്രാം കോർഡിനേറ്റർ സി ആർ വിനീഷ്, ഡെപ്യൂട്ടി മാസ്സ് ഇൻ ചാർജ് ജി.ജയരാജ്, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ഡോ മാമച്ചൻ , സിസ്റ്റർ ബിൻസി എഫ് സി സി, സിസ്റ്റർ ആലീസ് ഔസേപ്പറമ്പിൽ, സജി വട്ടക്കാനാൽ , ജയ്സൺ പ്ലാക്കണ്ണി, ഷാജി തകിടിയേൽ, സൂരജ് പാലാ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മെഗാ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് നയിച്ചത് പാലാ മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കും ഭരണങ്ങാനം ഐ എച്ച് എം ബ്ലഡ് ബാങ്കുമാണ്. ക്യാമ്പിൽ പങ്കെടുത്തതിൽ കൂടുതൽ വിദ്യാർത്ഥികളുടേയും ആദ്യത്തെ രക്തദാനമായിരുന്നു.