General

മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും അബ്കാരികളും ചൂഷണം ചെയ്യരുത്: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്തയില്‍ മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും, മദ്യകച്ചവടക്കാരും ചൂഷണം ചെയ്യരുതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല നേതൃയോഗം പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

മദ്യനയ രൂപീകരണത്തില്‍ ജനവിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്. നികുതി വരുമാനം കൂട്ടാനും കുടുംബങ്ങളുടെ വരുമാനം തകര്‍ക്കാനും മദ്യാസക്തി രോഗികളെ ചൂഷണം ചെയ്യരുത്.

സംസ്ഥാനത്തെ മദ്യോപയോഗത്തിന്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവര്‍ മദ്യാസക്തി മൂലം തകര്‍ന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാര്‍ത്ഥ കണക്കുകള്‍ക്കൂടി പുറത്തുവിടണം. മദ്യനയം ജനദ്രോഹപരമായാല്‍ എതിര്‍ക്കുമെന്നും നേതൃയോഗം മുന്നറിയിപ്പ് നല്കി.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അവതരിപ്പിച്ച സംസ്ഥാന സമിതിയുടെ അര്‍ദ്ധവാര്‍ഷിക പദ്ധതി യോഗം അംഗീകരിച്ചു. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ പ്രസാദ് കുരുവിള, വി.ഡി. രാജു, ആന്റണി ജേക്കബ് ചാവറ, ബോണി സി.എക്‌സ്., അന്തോണിക്കുട്ടി ചെതലന്‍, സിബി ഡാനിയേല്‍, എബ്രാഹം റ്റി.എസ്., ഡിക്രൂസ് എ.ജെ., മേരി ദീപ്തി, റോയി മുരിക്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *