പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേജ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് ഇരിങ്ങാലക്കുട ഫൈനലിൽ. ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് നടന്ന രണ്ടാം സെമിഫൈനലിൽ സേക്രട്ട് ഹാർട്ട് കോളേജ് തേവരയെ നേരിട്ടുള്ള തെറ്റുകൾക്ക് തോൽപ്പിച്ചാണ് ക്രൈസ്റ്റ് ഫൈനലിൽ കടന്നത്. സ്കോർ 25-22, 25-21, 25-21. ഇന്ന് രാവിലെ ഏഴുമണിക്ക് നടക്കുന്ന വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മുൻ വർഷത്തെ ജേതാക്കളായ സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട ചങ്ങനാശ്ശേരി അസംഷൻ കോളേജിനെ നേരിടും.
ജേതാക്കൾക്ക് സെന്റ് തോമസ് കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ, മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ ജോജി അലക്സ്, ഡോ എ. എസ്. സുമേഷ് എന്നിവർ ട്രോഫികൾ സമ്മാനിക്കും.