കോട്ടയം :എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ കാട്ടുന്നത് കടുത്ത നീതി നിഷേധമാണെന്ന് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്വിൻ പടിഞ്ഞാറേക്കര. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നിയമസഭയിൽ ശബ്ദിച്ച അഡ്വ. മോൻസ് ജോസഫ് MLA യുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി തികച്ചും പ്രതിഷേധാർഹമാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ കേരളത്തിൽ ജോലി ചെയ്യുന്നത്.ഈ അധ്യാപകർ എങ്ങനെ ജീവിക്കണമെന്നാണ് മന്ത്രി പറയുന്നത്?വിദ്യ പകർന്നു കൊടുക്കുന്നവർ ഭിക്ഷയെടുത്ത് ജീവിക്കേണ്ട സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.
വേല ചെയ്തിട്ടും കൂലി കൊടുക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യത്വ വിരുദ്ധമായ നടപടികൾ സർക്കാർ പിൻവലിക്കണം. കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നുകൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കേണ്ട അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സർക്കാരിനുണ്ട് എന്ന വസ്തുത തിരിച്ചറിയണം.
എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും ഈ വിധിന്യായം നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ ഏഴിന് ഹൈക്കോടതിയും ഇത്തരത്തിലൊരു നിരീക്ഷണം നടത്തുകയും സർക്കാർ ഇക്കാര്യത്തിൽ അനുഭാവപൂർവകമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നു മൂന്ന് മാസത്തിനുശേഷം ജൂലൈ 30ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണെന്നും മറ്റ് സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കണം എങ്കിൽ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്. നിങ്ങളും സുപ്രീംകോടതിയിൽ പോകണമെന്നാണ് മന്ത്രി പറയുന്നത്.
പൗരാവകാശങ്ങൾ നേടിയെടുക്കുവാനായി ഓരോ വ്യക്തിയും കോടതിയെ സമീപിക്കണമെന്നാണ് നിലപാടെങ്കിൽ ഇവിടുത്തെ ജനാധിപത്യ സർക്കാരിന്റെ ചുമതല എന്തെന്ന് നിങ്ങൾ വ്യക്തമാക്കണം.
സുപ്രീംകോടതി വിധിപ്രകാരം സർക്കാരിന് നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് വർഷങ്ങളായി നിയമന അംഗീകാരം പ്രതീക്ഷിക്കുന്ന അധ്യാപകരെയും വിവിധ മാനേജ്മെന്റുകളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്ന നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സർക്കാരിന്റെ നീതി നിഷേധത്തിന്റെ ഇരകളായി അധ്യാപകർ മാറുന്നത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല.ഭിന്നശേഷി നിയമനത്തിനായി കോടതിവിധി പ്രകാരം വേണ്ടത്ര തസ്തികകൾ മാറ്റിവെച്ചിട്ടും ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടും ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്തത് സർക്കാർ അധ്യാപക സമൂഹത്തോട് കാണിക്കുന്ന കടുത്ത അനീതിയും , കേരള സമൂഹത്തിൽ വിദ്യാഭ്യാസ പുരോഗതി സൃഷ്ടിച്ച എയ്ഡഡ് മേഖലയിലെ
പൊതു വിദ്യാഭ്യാസ സംവിധാനങ്ങളോട് കാണിക്കുന്ന ബോധപൂർവ്വകമായ അവഗണനയുമാണ്.
ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസ്സം നിൽക്കുന്നു എന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന വാർത്ത മാധ്യമങ്ങളിൽ കാണുവാനിടയായി. ഭിന്നശേഷി നിയമനവും ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന് ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും സുപ്രീംകോടതിക്കും സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന വസ്തുത മറച്ചുവെച്ചാണ് ഈ പ്രസ്താവന. കേരളത്തിന്റെ പുരോഗതിക്ക് ക്രൈസ്തവ സമുദായം നൽകിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകൾ മറക്കരുത്.
പള്ളി തോറും പള്ളിക്കൂടം നിർമ്മിച്ച് ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുവാൻ ചാവറയച്ചൻ വഹിച്ച പങ്ക് കേരള സമൂഹത്തിന് വിസ്മരിക്കാൻ പറ്റുമോ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് പകുതിയിൽ കൂടുതലും എയ്ഡഡ് സ്കൂളുകൾ ആണ്. എയ്ഡഡ് മേഖല തകർന്നാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖലയാകെ തകരും എന്നത് വസ്തുതയല്ലേ?
വരുമാനം ഇല്ലാതെ ജീവിതം മുന്നോട്ട് നീക്കാൻ കഴിയില്ലെന്ന് സാമാന്യബോധമുള്ള ഒരു മനുഷ്യന് മനസ്സിലാക്കാവുന്ന കാര്യമാണ്. അപ്പോൾ വർഷങ്ങളായി ഒരു രൂപ പോലും ശമ്പളം കിട്ടാതെ വണ്ടിക്കൂലിക്കുള്ള തുക കടം വാങ്ങി മറ്റും കണ്ടെത്തി കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ എങ്ങനെയാണ് ഈ കേരളത്തിൽ ജീവിക്കുന്നത്?
ശമ്പളം കിട്ടാത്തതിന്റെ പേരിൽ ജീവൻ ഹോമിച്ചത് ഈ സാക്ഷര കേരളത്തിലെ അധ്യാപകരാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ ചെയ്ത ജോലിക്കുള്ള മാന്യമായ വേതനം അധ്യാപകർക്ക് കൊടുക്കണം.ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടേയും അവസ്ഥ,മാനവികതയുടെ പേരിലും മനുഷ്യത്വത്തിന്റെ പേരിലും മനസ്സിലാക്കുവാൻ ഗവൺമെന്റ് തയ്യാറാകണമെന്നും അശ്വിൻ പടിഞ്ഞാറേക്കര ആവശ്യപ്പെട്ടു.