പാലാ: നഗരസഭയിലെ അരുണാപുരം മേഖലയിലെ കുടിവെളള ക്ഷാമത്തിനു ശാശ്വത പരിഹാരമായി. അരുണാപുരത്ത് മീനച്ചിലാറ്റിൽ 75 ലക്ഷം രൂപ മുടക്കി പാലാ നഗരസഭ നിർമ്മിച്ച കിണറും പമ്പു ഹൗസും ജോസ് കെ മാണിഎംപി ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡു കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ , ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസിൻ ബിനോ,ഷാജു തുരുത്തൻ , ജോസ് ചീരാം കുഴി, വാട്ടർ അതോറിറ്റി അസിസ്റ്റൻന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീജിത്ത്, അസി.എൻജിനിയർ രാജി , പൗളിൻ പിൻസ് പാലക്കാട്ടുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
കേവലംഅറുപതു വീട്ടുകാർക്കു വേണ്ടി ഇരുപത്തിരണ്ടു വർഷം മുൻപ് ആരംഭിച്ച പദ്ധതി ഇപ്പോൾ ഇരുനൂറ്റി എൺപത്തിയഞ്ചു കുടുംബങ്ങൾക്ക് കുടിവെള്ള കണ്ക്ഷനുകൾ നല്കി കഴിഞ്ഞു. വേനൽക്കാലത്ത് ആവശ്യമായ വെള്ളം നല്കുന്നതിന് കുടിവെള്ള പദ്ധതിക്ക് സാധിക്കാതെ വന്നിരുന്നതുകൊണ്ടാണ് മീനച്ചിലാറ്റിൻ തീരത്ത് പുതിയ കിണറും പമ്പ് ഹൗസും തീർത്തത്.
കേരളാ വാട്ടർ അതോറിറ്റി മുഖേന ഡിപ്പോസിറ്റ് വർക്കായിട്ടാണ് പണികൾ പൂർത്തീകരിച്ചത്. എട്ടുലക്ഷം രൂപ മുടക്കി ഫിൽറ്ററിംഗ് സംവിധാനവും ആറു ലക്ഷം രൂപ മുടക്കി ടാങ്കും പഴയ കിണറും നവീകരിക്കുകയും ചെയ്തു. ജനങ്ങൾക്കാവശ്യമായ വെള്ളം നൽകുന്നതിനും കൂടുതൽ പേർക്ക് വാട്ടർ കണക്ഷൻ നൽകുന്നതിനും പദ്ധതി വിപുലീകരണം കൊണ്ട് സാധ്യമാകുമെന്ന് കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു.