Pala

മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു; ജാഗ്രത വേണം : ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മാരക ലഹരികള്‍ പൊതുസമൂഹത്തില്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുകയാണെന്നും പൊതുസമൂഹം ജാഗ്രതയോടെ നിലകൊളളണമെന്നും, പ്രവര്‍ത്തിക്കണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് പാലാ അല്‍ഫോന്‍സാ കോളേജില്‍ തുടക്കമിട്ട ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപന സമ്മേളനം രാമപുരത്ത് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

മയക്കുമരുന്നുകളോട് വലിയ ‘നോ’ പറയുക എന്നത് യുവതലമുറയും ഇളംതലമുറയും ശീലമാക്കണം. ലഹരി ഉപയോഗിക്കുന്നവര്‍ ഭ്രാന്തമായ മാനസികാവസ്ഥയില്‍ അക്രമകാരികളായി മാറുകയാണ്. കണ്ണില്‍ കാണുന്നതെല്ലാം ലഹരിയുടെ പിരിമുറുക്കത്തില്‍ അടിച്ച് തകര്‍ക്കുകയാണിവര്‍. വസ്തുക്കളോ, ജീവനുകളോ വാഹനമെന്നോ അവര്‍ തിരിച്ചറിയുന്നില്ല.

ലഹരിയുടെ വ്യവസ്ഥിതിക്ക് നാം തടയിടണം. മാരക ലഹരിവ്യാപാരികള്‍ കുറ്റവാളികളും, കൊലയാളികളുമാണെന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ച് ബിഷപ് ആവര്‍ത്തിച്ചു. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കേണ്ട ഒരു പ്രക്രിയയാണ്.

നാട്ടിലുടനീളമുണ്ടായിരുന്ന പുകവലിശീലം നല്ലയളവില്‍ കുറയാന്‍ ബോധവല്‍ക്കരണം ഗുണം ചെയ്തിട്ടുണ്ട്. അപമാനമാണെന്ന തോന്നലും ഒരു കാരണമാണെന്നും സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മാര്‍ അഗസ്തിനോസ് കോളേജ് ടീമംഗങ്ങള്‍ ഫ്‌ളാഷ് മോബും സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. ടീം ലഹരിവിരുദ്ധ നൃത്തശില്പവും അവതരിപ്പിച്ചു. എന്‍.എസ്.എസ്. ടീം അംഗങ്ങള്‍ ദീപശിഖയേന്തി സമ്മേളനത്തോട് കൂറ് പ്രഖ്യാപിച്ചു.

കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അക്ഷയ് കെ.ആര്‍., രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, മാര്‍ അഗസ്തിനോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍മാരായ സാബു തോമസ്, ജാനറ്റ് കുര്യന്‍, സാബു എബ്രാഹം, ഫാ. ജോസഫ് ആലഞ്ചേരി, ജോസ് കവിയില്‍, സിനി ജേക്കബ് എന്നിവരും പ്രസംഗിച്ചു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും കോളനികള്‍, ബസ് സ്റ്റാന്റുകള്‍, ടാക്‌സി സ്റ്റാന്റുകള്‍, ഡോര്‍ ടു ഡോര്‍ ഭവന സന്ദര്‍ശന പരിപാടികളിലൂടെയും നിരവധി ലഹരിവിരുദ്ധ പരിപാടികള്‍ കഴിഞ്ഞ ഒരു മാസക്കാലം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *