Kottayam

അങ്കണവാടികളിൽ ഇനി പുകയില്ലാത്ത അടുക്കളകൾ; ‘അങ്കൺജ്യോതി’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം: സീറോ കാർബൺ അങ്കണവാടികൾ എന്ന ലക്ഷ്യവുമായി അങ്കണവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ”അങ്കൺ ജ്യോതി” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണ വിതരണവും വെളിയന്നൂർ ഗവൺമെന്റ് എൽ.പി.സ്‌കൂൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു.

അങ്കണവാടികളിൽ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങൾ സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊർജസംരക്ഷണവും കാർബൺ അടക്കമുള്ള വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കലും വിഭാവനം ചെയ്യുന്ന പദ്ധതി സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററാണ് നടപ്പാക്കുന്നത്.

ആദ്യഘട്ടമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 106 അങ്കണവാടികൾക്ക് 50,000 രൂപയുടെ സൗരപാചക ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. അങ്കണവാടി ജീവനക്കാർക്ക് ഇൻഡക്ഷൻ കുക്കറുകളും ചടങ്ങിൽ വിതരണം ചെയ്തു.

പദ്ധതിയുടെ ഭാഗമായി പെഡസ്റ്ററൽ ഫാൻ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ചാർജിങ് സ്റ്റേഷൻ, ബൾബുകൾ, ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാവുന്ന പാത്രങ്ങൾ തുടങ്ങിയവ അങ്കണവാടികളിൽ എത്തിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോൺ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, ബിന്ദു മാത്യൂ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ജിജി, സി.ഡി.പി.ഒ. ഡോ. ടിൻസി രാമകൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിഷ്ണുപ്രിയ എസ്.എച്ച്.എം.പി.എസ്. രമ്യ, പി.ടി.എ. പ്രസിഡന്റ് പി.എസ്. സജിമോൻ, നവകേരളം കർമ്മ പദ്ധതി 2 ജില്ലാ കോർഡിനേറ്റർ എസ്. ഐസക്, എനർജി മാനേജ്‌മെന്റ് സെന്റർ കോഡിനേറ്റർ സി.എസ്. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *