തിരുന്നാളിന്റെ രണ്ടാം ദിനാചരണത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാർഡുകളിലുള്ള കപ്പേളകളിൽ നിന്നും കഴുന്നു പ്രദക്ഷിണം പള്ളിയിൽ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു. അതിനുശേഷം മുട്ടം സിബിഗിരി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺസൻ പാക്കരമ്പേലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ പരിശുദ്ധ കുർബാനയും, നൊവേനയും നടത്തപ്പെട്ടു.
ദൈവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം പരിശുദ്ധ മാതാവിനോടുള്ള വണക്കത്തിനായി ദൈവാലയത്തിന് ചുറ്റും ജപമാല പ്രദക്ഷിണവും തുടർന്ന് വാഹന വെഞ്ചരിപ്പും ഭക്തിപൂർവ്വം നടത്തി. വിശ്വാസികളുടെ സജീവ പങ്കാളിത്തത്തോടുകൂടിയാണ് തിരുനാളിന്റെ രണ്ടാം ദിനാചരണം സമാപിച്ചത്.
ദേവാലയത്തിൽ എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും വൈകിട്ട് 5 :30ന് പരിശുദ്ധ കുർബാനയും, നൊവേനയും, ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും, അനുഗ്രഹ ദായകമായ ദിവ്യകാരുണ്യപ്രദക്ഷിണവും, നേർച്ചകഞ്ഞിയും നടത്തിവരുന്നു. ഓരോ മാസത്തെയും രണ്ടാം വെള്ളി ആചരണം വിശ്വാസികൾ ഭക്തിപൂർവ്വം ഏറ്റെടുത്തു നടത്തുന്നതാണ്.





