കെ.എസ്.ആർ.ടി.സി. എരുമേലി ഡിപ്പോയുടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്.
കോട്ടയം ജില്ലയിലെ എരുമേലി ഡിപ്പോയിൽ നിന്നും രാവിലെ 4:30-ന് ആരംഭിക്കുന്ന എരുമേലി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് (ഗുരുദേവ് ടേക്ക് ഓവർ) 2025 ജൂലൈ 28 മുതൽ നിർത്തലാക്കിയത് ശ്രദ്ധയിൽപ്പെടുത്തുന്നതിനും, പ്രസ്തുത സർവീസ് പുനരാരംഭിക്കുന്നതിനും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ഈ ബസ്സ്, ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്നതിനാൽ ഒട്ടനവധി യാത്രക്കാർക്ക് എറണാകുളം ഭാഗത്തേക്കും തിരിച്ചും എത്തിച്ചേരാനുള്ള പ്രധാന ആശ്രയമായിരുന്നു. എന്നാൽ, ഈ ബസ്സ് പല ദിവസങ്ങളിലും മുടങ്ങുന്നത് പതിവാകുകയും, ഇത് യാത്രക്കാരെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
സമയത്തിന് എറണാകുളത്ത് എത്താൻ സാധിക്കാതെ വന്ന പലർക്കും മറ്റ് യാത്രാ മാർഗ്ഗങ്ങൾ തേടേണ്ടി വരികയോ യാത്ര മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. തന്മൂലം, ഈ സർവീസിനെ ആശ്രയിച്ചിരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇത് സർവീസിന്റെ വരുമാനത്തെയും ബാധിച്ചു എന്നാണ് AIYF പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി മനസ്സിലാക്കുന്നത്.
എരുമേലി ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോൾ, കിലോമീറ്ററിന് 40 രൂപ കളക്ഷൻ ഇല്ലാത്ത എല്ലാ സർവീസുകളും നിർത്തലാക്കാൻ ഹെഡ് ഓഫീസിൽ നിന്നുള്ള സർക്കുലർ ഉണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ സർവീസ് നിർത്തിയതെന്നും അറിയിക്കുകയുണ്ടായി. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വിജയകരമായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് ഇപ്പോൾ നഷ്ടത്തിലാണെന്ന് പറയുന്നത് ദൂരൂഹമാണ്.
ഈ ബസ്സ് വൈകുന്നേരം 12:00 PM-ന് വൈറ്റിലയിൽ നിന്നാണ് തിരികെ സർവീസ് നടത്തിയിരുന്നത്. ഗുരുദേവ് സർവീസ് നടത്തിയിരുന്ന സമയത്ത് നിറയെ യാത്രക്കാരുമായിട്ടാണ് ഈ ബസ്സ് ഓടിയിരുന്നത്. എന്നാൽ, പിന്നീട് യാതൊരു പഠനവുമില്ലാതെ സമയം രാവിലെ 11:30 AM-ലേക്ക് മാറ്റിയത് കളക്ഷൻ കുറയാൻ കാരണമായി. പിന്നീട് പഴയ സമയത്തേക്ക് മാറ്റിയെങ്കിലും, ഈ അശാസ്ത്രീയമായ സമയമാറ്റങ്ങളും സമയനിഷ്ഠയില്ലായ്മയും കാരണം യാത്രക്കാർ കുറഞ്ഞു. പിന്നീട്, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി വഴി റൂട്ട് മാറ്റിയതും ഈ സർവീസിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചു.
ഈ ബസ്സ് നേരത്തെ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്നു. എന്നാൽ, പിന്നീട് ഞായറാഴ്ചകളിലെ ട്രിപ്പ് ഒഴിവാക്കി. ഞായറാഴ്ചകളിൽ അരിവിത്തുറ പള്ളിയിൽ പോകുന്ന ഭക്തജനങ്ങളുൾപ്പെടെ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നതാണ്. പൊതു അവധി ദിവസങ്ങളിലും ഈ ബസ്സ് സർവീസ് നടത്തിയിരുന്നില്ല. ഇതെല്ലാം ഈ ബസ്സിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.
പാലായിൽ നിന്ന് രാവിലെ എറണാകുളത്തേക്ക് (ഏകദേശം 07:05 മുതൽ 7:10 വരെ) പോകുമ്പോൾ, ഞങ്ങളുടെ ഈ സർവീസുൾപ്പെടെ 3 കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് പോകുന്നത്. കുമളി-എറണാകുളം, പുനലൂർ-അസ്റ്റർ മെഡിസിറ്റി സർവീസുകളാണ് മറ്റ് രണ്ടെണ്ണം.
ഈ രണ്ട് സർവീസുകളും കോവിഡിന് ശേഷം ആരംഭിച്ചവയാണ്. ഈ പുതിയ സർവീസുകൾ സ്വന്തം സമയത്ത് ആരംഭിച്ചപ്പോൾ അതിനെതിരെ പരാതി നൽകി സമയം മാറ്റിക്കാൻ എരുമേലി ഡിപ്പോ അധികൃതർ തയ്യാറായില്ല. തലയോലപ്പറമ്പ് വഴി എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകൾ പാലായിൽ നിന്ന് കുറവാണ്. രാവിലെ 5:30-ന് കുമളി-എറണാകുളം പോയാൽ പിന്നെ 7:05-നും 7:15-നും ഇടയിൽ 3 ബസ്സുകൾ കൂട്ടത്തോടെ പോകും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലാണ് അടുത്ത സർവീസ്.
ഈ 3 ബസ്സുകൾ ഒരുമിച്ച് പോകാതെ ക്രമമായ ഇടവേളകളിൽ പോയിരുന്നെങ്കിൽ മേൽ പറഞ്ഞ സർവീസിനെ രക്ഷിക്കാമായിരുന്നു. നിയോജകമണ്ഡലം ആസ്ഥാനമായ പൂഞ്ഞാറിൽ കൂടി കടന്നുപോകുന്ന ഏക എറണാകുളം സർവീസ് ആണിത്. നേരത്തെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് ഒരു പൂഞ്ഞാർ – എറണാകുളം സർവീസ് ഉണ്ടായിരുന്നു. അത് കോവിഡിന് ശേഷം പുനരാരംഭിച്ചിട്ടില്ല.
ഇതോടെ പൂഞ്ഞാർ നിവാസികൾക്ക് എറണാകുളത്ത് എത്താനുള്ള നേരിട്ടുള്ള അവസാന ഗതാഗത മാർഗ്ഗവും അടഞ്ഞു. അതുപോലെ തന്നെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന സർവീസ് ആയിരുന്നു ഇത്.
മലയോര പ്രദേശങ്ങളിൽ പൊതു ബസ്സ് സർവീസ് നഗര കേന്ദ്രങ്ങളിലേതിനേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മലയോര മേഖലകളിലെ തനതായ വെല്ലുവിളികളും സവിശേഷതകളും ഇതിന് കാരണമാണ്.
1.മെച്ചപ്പെട്ട സഞ്ചാരവും പ്രാപ്യതയും: സ്വകാര്യ വാഹനങ്ങളില്ലാത്തവർക്കും (പ്രത്യേകിച്ച് പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും, കുറഞ്ഞ വരുമാനമുള്ളവർക്കും), ദുർഘടമായ മലമ്പാതകളിലൂടെ വാഹനമോടിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ചന്തകൾ, ജോലികൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവശ്യ പ്രവേശനം ബസ്സുകൾ നൽകുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളെ വലിയ പട്ടണങ്ങളുമായും അവശ്യ സേവനങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയായി ഇത് പ്രവർത്തിക്കുന്നു.
2.സാമ്പത്തിക വളർച്ചയും സ്ഥിരതയും: തൊഴിലാളികളെ ജോലിയുമായി ബന്ധിപ്പിക്കാൻ ബസ്സുകൾ സഹായിക്കുന്നു, ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നു.
3.പാരിസ്ഥിതിക സുസ്ഥിരത: നിരവധി യാത്രക്കാരെ വഹിക്കുന്നതിലൂടെ, ബസ്സുകൾ റോഡിൽ വ്യക്തിഗത കാറുകളുടെ എണ്ണം കുറയ്ക്കുന്നു, ഇത് പ്രതിശീർഷ ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മലയോര മേഖലകളിലെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് ഇത് നിർണായകമാണ്. കുറഞ്ഞ ഗതാഗതക്കുരുക്കും വിഭവങ്ങളുടെ സംരക്ഷണവും ഇത് ഉറപ്പാക്കുന്നു.
4.സാമൂഹിക ഉൾക്കൊള്ളലും ക്ഷേമവും: പൊതുഗതാഗതം സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് പ്രായമായവർക്കും സ്വകാര്യമായി യാത്ര ചെയ്യാൻ കഴിയാത്തവർക്കും. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനും ഇത് ഒരു പ്രധാന കണ്ണിയായി വർത്തിക്കുന്നു.
മലയോര മേഖലകളിലെ പൊതു ബസ്സ് സർവീസ് ഒരു സൗകര്യം മാത്രമല്ല; ഈ തനതായ പ്രദേശങ്ങളുടെ സഞ്ചാരം, സാമ്പത്തിക ക്ഷേമം, സാമൂഹിക ഉൾക്കൊള്ളൽ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്ക്ക് അടിത്തറയിടുന്ന ഒരു അടിസ്ഥാന ആവശ്യകതയാണിത്. ഈ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അവയിൽ നിക്ഷേപിക്കുന്നതും മലയോര സമൂഹങ്ങളുടെ വികസനത്തിനും അതിജീവനത്തിനും നിർണായകമാണ്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് പെട്ടെന്ന് നിർത്തിയതോടെ ഗ്രാമീണ പ്രദേശത്തെ ജനത പെരുവഴിയിലായിരിക്കുകയാണ്. ഒരു ഗ്രാമീണ സർവീസ് എന്ന നിലയിൽ ഈ ബസ്സ് സർവീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചു.