Kottayam

കാർഷിക പാക്കേജ് പ്രഖ്യാപിക്കണം: അഡ്വ. മോൻസ് ജോസഫ് എം.എൽ.എ

കോട്ടയം : മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ 300 പ്രത്യേക പ്രസ്താവനയിൽ കർഷകജനതയെ അവഗണിച്ചതിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ബജറ്റിന്റെ ഉപധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭവും കാലാവസ്ഥാവ്യതിയാനവും വിലത്തകർച്ചയും മൂലം തകർന്നു തരിപ്പണമായ കൃഷിക്കാരുടെ രക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ആശ്വാസ നടപടികൾ ഉണ്ടാകണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിക്കാതിരുന്നത് തികച്ചും നിർഭാഗ്യകരമാണ്.

രൂക്ഷമായ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാന സർക്കാർ പുതിയ കാർഷിക പാക്കേജ് പ്രഖ്യാപിച്ച് അടിയന്തര മുൻഗണനയോടെ നടപ്പാക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിയമ സഭാ പ്രഖ്യാപനത്തിൽ മുൻകാല പാക്കേജുകൾ വീണ്ടും ആവർത്തിച്ച് അതിലൂടെ പദ്ധതികളുടെ വിശ്വാസ്യത സർക്കാർ നഷ്ടപ്പെടുത്തുകയാണ്. 2017 മുതൽ എല്ലാ വർഷത്തെയും ബജറ്റിൽ പ്രഖ്യാപിച്ചു വരുന്ന ഇടുക്കി,വയനാട്, കാസർകോഡ്, കുട്ടനാട് പാക്കേജുകൾക്ക് വേണ്ടി എൽഡിഎഫ് സർക്കാരിന്റെ ഇതു വരെയുള്ള കാലഘട്ടത്തിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.

യാതൊരു ആത്മാർത്ഥതയും ഇല്ലാതെ ജനങ്ങളെ കബളിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയായി സർക്കാരിന്റെ പ്രഖ്യാപനങ്ങൾ മാറുന്നത് നിർഭാഗ്യകരമാണെന്ന് മോൻസ് കുറ്റപ്പെടുത്തി.

കേരളജനതയ്ക്ക് ഉപദ്രവമാകുന്ന കെ – റെയിൽ പദ്ധതി ഇനിയെങ്കിലും സംസ്ഥാന സർക്കാർ പൂർണമായി ഉപേക്ഷിക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന ഖജനാവിന് യാതൊരുവിധ ചെലവുമില്ലാതെ കേന്ദ്രസർക്കാർ നടപ്പാക്കിയ വന്ദേഭാരത് ട്രെയിൻ സർവീസ് കൂടുതലായി നടപ്പാക്കാനും നിലവിലുള്ള മറ്റ് ട്രെയിൻ സർവീസുകൾ കൃത്യനിഷ്ഠയോടെ ഓടിക്കാനും ആവശ്യമായ ഇടപെടൽ കേന്ദ്രത്തിൽ നടത്താൻ സംസ്ഥാന സർക്കാരിന് കഴിയണം. കടക്കെണിയിൽ നട്ടംതിരിയുന്ന കേരള സർക്കാർ രണ്ട് ലക്ഷം കോടിയിലധികം രൂപ മുതൽമുടക്കിൽ കെ-റെയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് സംസ്ഥാനത്തോട് കാണിക്കുന്ന ക്രൂരതയാണ്.

ഇതിന്റെ പേരിൽ കുടിയൊഴുപ്പിക്കലിന് വിധേയമാകുന്ന പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീരും ആശങ്കകളും സർക്കാർ കണക്കിലെടുക്കണം. കേരളത്തിന് ഉപകാരപ്രദം അല്ലാത്ത കെ റെയിൽ പദ്ധതി പൂർണമായി സർക്കാർ ഉപേക്ഷിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *