Kottayam

കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും സംസ്ഥാനവ്യാപകമായി രഹസ്യ ധാരണയിൽ ഒരുമിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്

കോട്ടയം: ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും ഒരു വിധത്തിലുള്ള ധാരണയുമില്ല എന്നു പറഞ്ഞ കോൺഗ്രസ്, അവർ തമ്മിലുള്ള ബന്ധം ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ട് ഈരാറ്റുപേട്ടയിൽ രഹസ്യമല്ല, പരസ്യമാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്.

ഈരാറ്റുപേട്ട നഗരസഭയിലെ മൂന്നാം വാർഡിലും പതിമൂന്നാം വാർഡിലും യുഡിഎഫ് സീറ്റിൽ മത്സരിക്കുന്നത് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. ഈരാറ്റുപേട്ടയിൽ ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് ബന്ധം പരസ്യമാണെങ്കിൽ സംസ്ഥാനവ്യാപകമായി രഹസ്യമായി ഇത്തരം കൂട്ടുകെട്ടുകൾ ശക്തമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളി സൃഷ്ടിക്കുന്ന ഇത്തരം സംഘടനകളുമായ് കൂട്ടുകൂടുന്ന കോൺഗ്രസിന്റെ നയം രാജ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. മതഭീകരവാദ ശക്തികളെ വോട്ടിനായി പാലൂട്ടി വളർത്തുകയാണ് കോൺഗ്രസ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നടത്തിയ പരീക്ഷണ വിജയത്തിന് ശേഷമാണ് സംസ്ഥാനത്തുടനീളം ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കാൻ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഏതു വിധേനയും അധികാരത്തിലെത്താൻ മതമൗലിക തീവ്രവാദ സംഘടനകളെ ഒപ്പം ചേർക്കുന്ന യുഡിഎഫ്-കോൺഗ്രസ് നയത്തിന്റെ ഉദാഹരണമാണ് ഈരാറ്റുപേട്ട.

ഒരു കൈയിൽ ഭരണഘടനയുമായി രാജ്യം മുഴുവൻ കറങ്ങുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി, ഭരണഘടനയെ അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി കൂട്ടുകൂടുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കണം.

കോൺഗ്രസിനെ പൂർണമായും മതമൗലിക തീവ്രവാദ സംഘടനകൾ ഹൈജാക്ക് ചെയ്തു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്. രാജ്യസ്നേഹികളായ എല്ലാവരും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഈ രാജ്യദ്രോഹനയം തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നതായി അഡ്വക്കേറ്റ് ഷോൺ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *