പാലാ: ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി അനുകൂല വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്. അഭിഭാഷകൻ അല്ലാത്ത എബി കോടതിയിൽ വാദിയായി ഹാജരാകുമ്പോൾ പ്രായം 27.
ദേശീയ ഐക്യവേദി എന്ന സംഘടനയുടെ ചെയർമാനായി എബി പ്രവർത്തിച്ചു വരവെ 1999 ലാണ് ചരിത്ര പ്രധാനമായ വിധി സമ്പാദിച്ചത്. വിവിധ സ്ഥലങ്ങളിൽ ദേശീയപതാകകൾ തെറ്റായ രീതിയിൽ പ്രദർശിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ട എബി ജെ ജോസ് പ്രസ്തുത സംഭവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ ക്രോഡീകരിച്ച് കേരളാ ഹൈക്കോടതിക്ക് പരാതിയായി അയച്ചു.
അന്ന് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഏ ആർ ലക്ഷമണൻ എബിയുടെ പരാതികത്ത് റിട്ട് ഹർജിയായി ഫയലിൽ സ്വീകരിച്ചു. തുടർന്ന് ജസ്റ്റീസ് കെ എസ് രാധാകൃഷ്ണൻ്റെ ബഞ്ചിനു കൈമാറി.
കേസ് കേരള ഹൈക്കോടതി പരിഗണിച്ച ദിവസം കൂടുതൽ തെളിവുകളുമായി പരാതിക്കാരൻ കൂടിയായ എബി ജെ ജോസ് കേരള ഹൈക്കോടതിയിൽ എത്തി. കേസ് വിളിച്ചപ്പോൾ കയറി ചെന്നു.
പരാതിക്കാരൻ താനാണെന്നും കൂടുതൽ തെളിവുകൾ ഉണ്ടെന്നും പറഞ്ഞ് ദേശീയപതാകതെറ്റായ രീതിയിൽ ഉപയോഗിക്കുന്ന സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ജസ്റ്റീസ് കെ എസ് രാധാകൃഷ്ണൻ എബി എത്തിച്ച തെളിവുകൾ വാങ്ങിച്ചു. തുടർന്ന് കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകനായിരുന്ന കെ ഗോപാലകൃഷ്ണക്കുറുപ്പിനോട് വിവരം ആരാഞ്ഞപ്പോൾ പരാതികൾ ശരിയാണെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.
തുടർന്ന് എന്തെങ്കിലും കൂടുതൽ പറയാനുണ്ടോയെന്ന് പരാതിക്കാരനോട് ചോദിച്ചപ്പോൾ 1999ലെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിധി വന്നാൽ ആളുകൾ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക അലക്ഷ്യമായി കൈകാര്യം ചെയ്യാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുമെന്ന് എബി മറുപടി നൽകി.
തുടർന്ന് 1999 ആഗസ്റ്റ് 11 ന് ദേശീയപതാകയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ സർക്കാരുകൾക്കു നിർദ്ദേശം നൽകി കൊണ്ട് ദേശീയപതാകയുടെ പ്രാധാന്യത്തെക്കുറിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.
ദേശീയ പ്രാധാന്യമുള്ള വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ എബി ജെ ജോസിൻ്റെ ദേശീയബോധത്തെ വിധിന്യായത്തിൽ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
എബി ജെ ജോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന പേരിലുള്ള ഈ വിധി പ്രമുഖ നിയമ ജേർണലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയപതാകയുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്തെ വിവിധ കോടതികൾ പരിഗണിക്കുമ്പോൾ ഈ വിധിന്യായം പരാമർശിക്കുകയും ചെയ്യാറുണ്ട്.
ഈ വിധി നൽകിയ ഊർജ്ജത്തിൻ്റെ പിൻബലത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി എബി ജെ ജോസ് ദേശീയപതാകയുടെയും ദേശീയഗാനത്തിൻ്റെയും ബോധവൽക്കരണം നടത്തി വരുന്നു.
ദേശീയപതാക എങ്ങനെ ഉപയോഗിക്കണമെന്ന് അറിവില്ലാത്തതാണ് പലപ്പോഴും അനാദരവിന് കാരണമാകുന്നത്. സ്കൂളുകളിലും കോളജുകളിലും ദേശീയപതാക എല്ലാ ദിവസവും ഉയർത്തുകയും ഫ്ലാഗ് സല്യൂട്ട് നടത്തുകയും ദേശീയഗാനാലാപനം നടത്തുകയും ചെയ്താൽ ചെറുപ്പകാലം മുതൽ ഇവയെക്കുറിച്ച് അറിവ് പകരാൻ സാധിക്കുമെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി.