Pala

മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം

പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും സമീപമുള്ള കൈതോട്ടിലേയ്ക്ക് സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, മുനിസിപ്പൽ കൗൺസിലർ സിജി ടോണി,

ജയിസൺ മാന്തോട്ടം, ടോണി തൈപ്പറമ്പിൽ, വേണു വേങ്ങയ്ക്കൽ, താഷ്കൻ്റ് പൈകട, വൈശാഖ് പാലാ, ബിനു പെരുമന, ജ്യോതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ജോബി മാത്യു, അമൽ കെ ഷിബു, ബിസ്മോൻ ബിനു, അക്ഷയ് ഷാജു എന്നിവർ നേതൃത്വം നൽകി.

ഈരാറ്റുപേട്ട ഹൈവേയിൽ മെയിൻ റോഡിനോട് ചേർന്ന കൈത്തോട്ടിലാണ് കഴിഞ്ഞ രാത്രി വൻതോതിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. രാത്രി 11 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് പറയപ്പെടുന്നു. ഇതോടെ ഈ മേഖലയിൽ ദുർഗന്ധം വമിച്ചു. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും ശുചിമുറി മാലിന്യം തള്ളിയിരുന്നു. ഇതിനു തൊട്ടു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നത്.

ഏറെ നാളുകൾക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ക്കൂസ് മാലിന്യം തള്ളിയിരുന്നു. അന്ന് പ്രതിക്ഷേധം ഉയർന്നതിനെത്തുടർന്നു ഏറെ നാളുകളായി മാലിന്യം നിക്ഷേപിക്കുന്നത് നിറുത്തിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *