Kottayam

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹകരണ മേഖലയുടെ പിന്തുണ: മന്ത്രി വി.എൻ. വാസവൻ

കോട്ടയം : തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സഹകരണ മേഖലയുടെ പിന്തുണ ഉറപ്പാക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ജില്ലാ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ പിന്തുണ ഉറപ്പാക്കുന്നതിന് സഹകരണ നിയമഭേദഗതിയിൽ പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന പ്രായോഗിക ക്ഷമതയുളള പദ്ധതികൾക്ക് സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക പിന്തുണ ഉറപ്പാക്കി വിഭവസ്രോതസുകളുടെ വ്യാപ്തി വർധിപ്പിക്കും. ഭാവനപൂർണവും ദീർഘവീക്ഷണത്തോടെയുള്ളതുമാകണം ജില്ലാ പദ്ധതിയിലെ നിർദ്ദേശങ്ങൾ.

പശ്ചാത്തലമേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകുമ്പോൾ തന്നെ ക്ഷേമപ്രവർത്തനങ്ങൾ പരസ്പരബന്ധിതമായി മുന്നോട്ട് കൊണ്ടുവരാൻ ആസൂത്രണ പ്രക്രിയയ്ക്ക് കഴിയണം. ഉൽപാദന ഉപാധികൾ സാമൂഹികവത്കരിക്കുകയും ആസൂത്രണം ജനകീയവൽകരിക്കുകയും ചെയ്യുക പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് ജെ. ജോസഫൈൻ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി അനിൽകുമാർ,

ഡി.പി.സി അംഗങ്ങളായ ജോസ് മോൻ മുണ്ടക്കൽ, സുധാ കുര്യൻ, കെ. രാജേഷ്, ഇ.എസ് ബിജു, മഞ്ജു സുജിത്ത്, പി.ആർ അനുപമ, പി.എം മാത്യു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *