പാലാ : – താലൂക്ക് അടിസ്ഥാനത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുക്കുന്ന മീനച്ചിൽ താലൂക്ക് തല അദാലത്ത് 13ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടും.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻഅദാലത്ത് ഉദ്ഘാടനം ചെയ്യും. എം. പി. മാർ എം.എൽ.എമാർ തുടങ്ങിയവർ പ്രസംഗിക്കും.
താലൂക്കിലെ വിവിധ വകുപ്പുകളുടെ മേധാവികൾ അദാലത്തിൽ പങ്കെടുക്കും. 21 വിഷയങ്ങളെ സംബന്ധിച്ച് പരാതികളും അപേക്ഷകളും പൊതുജനങ്ങൾക്ക് അദാലത്തിൽ നൽകാവുന്നതാണ്. പരാതികളും അപേക്ഷകളും ഓൺലൈനിൽ നൽകേണ്ട സമയം കഴിഞ്ഞതിനാൽ താലൂക്ക് ഓഫീസിലോ അന്നേദിവസം നേരിട്ടോ നൽകാവുന്നതാണ്.
പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ ആലോചനയോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ മാണി സി കാപ്പൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പാല മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസുകുട്ടി ജോസഫ്, ജിജി തമ്പി, ബീന ടോമി, സ്കറിയ ജോസഫ്, ലീലാമ്മ ബിജു, തോമസ് മാളിയേക്കൽ, അനസ്യാ രാമൻ, ലിൻസി മാർട്ടിൻ തഹസിൽദാർ ലിറ്റിൽ മോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.