Pala

പാലാ ജൂബിലിത്തിരുനാൾ: അനുഗ്രഹം തേടി ആയിരങ്ങൾ

പാലാ : അമലോദ്ഭവ മാതാവിന്റെ അനുഗ്രഹം തേടി ടൗൺ കപ്പേളയിലേക്കുള്ള ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹത്തിനു ഇന്നും നാളെയും പാലാ സാക്ഷ്യം വഹിക്കും. കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും കമനീയമായ പാലാ ജൂബിലി തിരുനാൾ പ്രഭയിലാണ്. വഴിവാണിഭങ്ങളും തൊട്ടിലാട്ടവും വിവിധ കലാപരിപാടികളും ജൂബിലിത്തിരുനാളിനു മാറ്റുകൂട്ടുന്നു.

കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം ഇന്ന് വൈകിട്ട് 3 നു നടന്നു. ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം നൽകുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 3.30നു സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നിന്ന് ആരംഭിച്ചു.

മാർഗംകളി, പരിചമുട്ടുകളി, ചവിട്ടു നാടകം, തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന പുലികൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, കഥകളി, കുട്ടികൾക്കായി കാർട്ടൂൺ ഡോളുകൾ, പാവ ഡാൻസ്, വിവിധ മേളങ്ങൾ, വർണ കാവടികൾ, ക്യാറ്റ് തമ്പോലം മേളം, സാന്താക്ലോസ് തുടങ്ങി ഒട്ടേറെ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യൂണിറ്റ് പുഴക്കര മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റ് മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജോൺ ദർശന അധ്യക്ഷത വഹിച്ചു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഭദ്രദീപം തെളിച്ചു. നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി, യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, പാലാ രൂപത വികാരി ജനറൽ മോൺ.ജോസഫ് കണിയോടിക്കൽ, ഡിവൈഎസ്പി കെ.സദൻ, നിഷ കെ.ദാസ്, ആൽവിൻ സെബാസ്റ്റ്യൻ, ചാക്കോ പുളിമൂട്ടിൽ, വി.സി.ജോസഫ്, ജോസ് ചെറുവള്ളിൽ, പ്രഫ.സതീഷ് ചൊള്ളാനി,

ബിനീഷ് ചൂണ്ടച്ചേരി, ടോബിൻ കെ.അലക്‌സ്, ജോസുകുട്ടി പൂവേലി, അനൂപ് ജോർജ്, ബിജോയ് വി.ജോർജ്, എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, ഫ്രെഡി ജോസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ, കൺവീനർ ആന്റണി കുറ്റിയാങ്കൽ എന്നിവർ പ്രസംഗിച്ചു.

ഇന്നും നാളെയും ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഫുഡ് ഫെസ്റ്റ് ഉണ്ടായിരിക്കും. 9നും 10നും വൈകിട്ട് 4 നു ഭക്ഷ്യമേള ആരംഭിക്കും. ദിവസവും വൈകിട്ട് ഡിജെ ഗാനമേള, ഡാൻസ് നൈറ്റ്, മ്യൂസിക് ബാൻഡ് തുടങ്ങിയവ ഉണ്ടായിരിക്കും.ചൈനീസ്, അറബിക്, തായ്, കോണ്ടിനന്റൽ, ഫ്യൂഷൻ, ഇന്ത്യൻ, ഷാപ്പ് കറികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, ഷെയ്ക്കുകൾ, മധുര പലഹാരങ്ങൾ തുടങ്ങിയ രുചികരമായ വിഭവങ്ങൾ ഫുഡ് ഫെസ്റ്റിലുണ്ട്.

ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിൾ ടാബ്ലോ മത്സരം നടന്നു. വിജയികൾക്ക് യഥാക്രമം 5,0001, 40,001, 30001 രൂപയും ട്രോഫിയും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്കെല്ലാം 15,000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും‍ നൽകും.

ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 8 വരെ ടൗണിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കോട്ടയം ഭാഗത്തു നിന്ന് തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംക്‌ഷനിൽ നിന്ന് സമാന്തര റോഡ് വഴി സിവിൽ സ്റ്റേഷൻ ജംക്‌ഷനിൽ എത്തി പോകണം.

കോട്ടയം ഭാഗത്തു നിന്ന് പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംക്‌ഷനിൽ നിന്ന് പന്ത്രണ്ടാംമൈൽ വഴി പോകണം.വൈക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആർവി ജംക്‌ഷനിൽ നിന്ന് സമാന്തര റോഡ് വഴി പോകണം. രാമപുരം ഭാഗത്ത് നിന്ന് വരുന്ന കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ സിവിൽ സ്റ്റേഷൻ ജംക്‌ഷനിൽ എത്തി സമാന്തര റോഡ് വഴി പോകണം.

പൊൻകുന്നം റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പന്ത്രണ്ടാംമൈൽ എത്തി ബൈപാസ് വഴി തിരിഞ്ഞു പോകണം. തൊടുപുഴ ഭാഗത്ത് നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പ്രവിത്താനം ജംക്‌ഷനിൽ നിന്ന് ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി പോകണം. ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് തൊടുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഭരണങ്ങാനത്ത് നിന്ന് ചൂണ്ടച്ചേരി വഴി പ്രവിത്താനത്തെത്തി പോകണം.

Leave a Reply

Your email address will not be published. Required fields are marked *