പാലാ: നിശ്ചിത ചേരുവകൾ കൂടാതെ സ്നേഹവും കൂടി ചേരുമ്പോളാണ് ഭക്ഷ്യ വിഭവങ്ങൾ മേൽത്തരമായി മാറുന്നതെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക നിഷ ജോസ് അഭിപ്രായപ്പെട്ടു.
വൻകിട സ്രാവുകൾ വിഹരിക്കുന്ന കടലിൽ ചെറുമൽ സ്യങ്ങൾക്കും തൻ്റേതായ ഇടമുള്ളതുപോലെ വൻകിട കമ്പനികളുടെ ബ്രാൻ്റഡ് ഉൽപ്പന്നങ്ങളോട് കിടപിടിക്കുന്ന ഭക്ഷ്യോൽപ്പനങ്ങൾ നിർമ്മിക്കുന്ന സംരംഭകരാവാൻ സ്ത്രീകൾക്കാവണമെന്നും നിഷ ജോസ് കെ മാണി തുടർന്നു പറഞ്ഞു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വനിതകൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് നിർമ്മാണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു.
പി.എസ്.ഡബ്ലിയു.എസ് പി.ആർ.ഒ ഡാൻ്റീസ് കൂനാനിക്കൽ, പ്രോഗ്രാം കോർഡിനേറ്റർ സി.ലിറ്റിൽ തെരേസ്, സോൺ കോർഡിനേറ്റർ സൗമ്യാ ജയിംസ് എന്നിവർ പ്രസംഗിച്ചു. പാചക വിദഗ്ധ ഷൈനി ജോസഫ് കിണറ്റുകര ക്ലാസ്സ് നയിച്ചു.