പാലാ : 2024 ഡിസംബർ മുതൽ 2025 നവംബർ വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടർ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ പാലാ മെത്രാസന മന്ദിരത്തിൽ നടന്ന പ്രത്യേക വൈദിക സമ്മേളനത്തിൽ വച്ച് പ്രകാശിപ്പിച്ചു.
കൽദായ/ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം, മാർത്തോമാ ശ്ലീഹായുടെ ആഗമനത്തോടെ തുടങ്ങുന്ന ഹെന്തോയിലെ( അവിക്ത ഇന്ത്യ) നസ്രാണികളുടെ ചരിത്രം, അനുദിനം ഉപയോഗിക്കേണ്ട വചനഭാഗങ്ങൾ, സഭാ പിതാക്കന്മാരുടെ വിവരണങ്ങൾ, ക്രൈസ്തവ സഭകളുടെ തുല്യതയും സ്വാതന്ത്ര്യവും ഐക്യവും പ്രകടമാക്കുന്ന സഭാ രേഖകൾ,
കത്തോലിക്കാ സഭയിൽ പൗരസ്ത്യ സഭകൾക്കുള്ള സ്ഥാനവും കടമയും പൗരസ്ത്യ പാരമ്പര്യങ്ങൾ വീണ്ടെടുക്കേണ്ടതിന്റെയും നിലനിർത്തേണ്ടതിന്റെയും പ്രസക്തി സംബന്ധിച്ച സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന നസ്രാണി കലണ്ടർ പുതുതലമുറയ്ക്ക് വിശ്വാസ കൈമാറ്റം നടത്തുന്നതിന് സഹായകമാകട്ടെ എന്ന് പ്രകാശന വേളയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
പാലാ രൂപത സ്ഥാപിതമായതിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്ലാറ്റിനം ജൂബിലി വർഷ സ്പെഷ്യൽ പതിപ്പാണ് 2025 നസ്രാണി കലണ്ടർ. പാലാ രൂപതയിലെ എല്ലാ ഭവനങ്ങളിലും എല്ലാ വിശ്വാസികളും ഇത് ഉപയോഗിക്കുന്നത് വഴി ആത്മീയോത്കർഷത്തിനും സഭാ നവീകരണത്തിനും സമുദായ ശക്തീകരണത്തിനും ഇടയാകട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.
വികാരി ജനറൽമാരായ തടത്തിൽ ജോസഫച്ചൻ, മലേപ്പറമ്പിൽ ജോസഫച്ചൻ, കണിയോടിക്കൽ ജോസഫച്ചൻ , വേത്താനത്ത് സെബാസ്റ്റ്യനച്ചൻ, ചാൻസിലർ കുറ്റിയാങ്കൽ ജോസച്ചൻ , പ്രൊകുറേറ്റർ മുത്തനാട്ട് ജോസച്ചൻ, വിശ്വാസ പരിശീലനം, എ കെ സി സി, ശാലോം പാസ്റ്ററൽ സെന്റർ എന്നിവയുടെ ഡയറക്ടർ ഞാറക്കുന്നേൽ ജോർജ് വർഗീസച്ചൻ,
ഭദ്രാസനപ്പള്ളി വികാരി കാക്കല്ലിൽ ജോസച്ചൻ, പാലാ ബിഷപ്സ് ഹൗസിലും രൂപതയുടെ അജപാലന കേന്ദ്രമായ ശാലോമിലും വിവിധ ശുശ്രൂഷകൾ നിർവഹിക്കുന്ന മറ്റു വൈദികർ, പാലാ ടൗണിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി സേവനമനുഷ്ഠിക്കുന്ന വൈദികർ തുടങ്ങിയവരുടെ വിശേഷാൽ യോഗത്തിലാണ് പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത്. (ഓർഡർ ചെയ്യുന്നതിന് 9496542361 നമ്പറിൽ ബന്ധപ്പെടുക )