Kanjirappally

പ്രമേഹത്തെ പ്രതിരോധിക്കാൻ സൈക്കിൾ യാത്ര: അഞ്ചരമണിക്കൂറിൽ നൂറുകിലോമീറ്റർ പിന്നിട്ട് ഡോ.മനോജ് മാത്യുവും സംഘവും

കാഞ്ഞിരപ്പളളി: പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യുവും സംഘവും നടത്തിയ സൈക്കിൾ യാത്ര ശ്രദ്ധേയമായി.

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നൂറിൽ താഴെയും, രക്തത്തിലെ ശരാശരി ഷുഗറിന്റെ (HbA1c) അളവ് ആറിൽ താഴെയും നിലനിർത്തി, പ്രമേഹം നിയന്ത്രിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ട് ആറു മണിക്കൂർ കൊണ്ട് നൂറു കിലോമീറ്റർ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര അഞ്ച് മണിക്കൂർ പത്തൊൻമ്പത് മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി.

ജോലിത്തിരക്കുകൾക്കിടയിൽ വ്യായാമം ചെയ്യാൻ സമയം ലഭിക്കില്ല എന്ന് പരാതി പറയുന്നവർക്ക് മുൻപിൽ തങ്ങളുടെ ഡ്യൂട്ടി സമയത്തിന് ശേഷം നടത്തിയ യാത്രയിലൂടെ മറുപടി പറയുകയാണ് ഡോ. മനോജും സംഘവും.

കാഞ്ഞിരപ്പളളി മേരീക്വീൻസ് അങ്കണത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്ര, കാഞ്ഞിരപ്പളളി, പാലാ, ഏറ്റുമാനൂർ, നീണ്ടൂർ, കല്ലറ, തണ്ണീർമുക്കം വഴി ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു ചേർത്തല, അരൂർ വഴി എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയിൽ അവസാനിച്ചു.

കാഞ്ഞിരപ്പള്ളിയിലെ സൈക്കിളിംഗ് ക്ലബായ “ടീം ബോയ്സിന്റെ” സഹകരണത്തോടെ നടത്തിയ സൈക്കിൾ യാത്രയിൽ മേഖലയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ജോബിൻ മടുക്കക്കുഴി, ഡോ. റോബിൻ മടുക്കക്കുഴി (ആയുർവ്വേദം), ഡോ. ചാക്കോ (ഡെന്റൽ), സംരഭകനായ പ്രവീൺ കൊട്ടാരം എന്നിവർ പങ്കാളികളായി.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ മേരീക്വീൻസ് ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ യാത്ര ഫ്ളാഗ്ഓഫ് ചെയ്തു. ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐ, ഫിസിഷ്യൻ ഡോ. ബോബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *