പാലാ: നിർഭാഗ്യവശാൽ വിദ്വേഷം നമ്മുടെ പ്രമാണവും അക്രമം നമ്മുടെ മതവുമായി മാറിയിരിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ അരുൺ ഗാന്ധി പറഞ്ഞു. പാലാ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമവും വിദ്വേഷവും അരാജകത്വവും അരങ്ങു തകർക്കുന്ന കാഴ്ചകളാണ് എല്ലായിടത്തും. ഇന്ന് ഇതൊക്കെ സാധാരണ സംഭവങ്ങളും ജീവിതചര്യയുമായി മാറിക്കഴിഞ്ഞു. സ്നേഹവും സമാധാനവും ബാപ്പുവിൻ്റെ മുഖമുദ്രകളായിരുന്നു.
നാം ആ മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതുണ്ട്. വിദ്വേഷത്തിനും അക്രമത്തിനും ഒരിക്കലും വശംവദരാകരുതെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
നാം പരസ്പരം സ്നേഹിക്കുന്നതുകൊണ്ടും ബഹുമാനിക്കുന്നതും കൊണ്ടു മാത്രമാണ് ഒരു രാഷ്ട്രത്തിലെ അംഗങ്ങളാകുന്നത്. വ്യക്തിപരമായി നാം വിഭിന്നരാണെങ്കിലും ഒരേ കടുംബത്തിലെ അംഗങ്ങളാണെന്ന് ഓർമ്മിക്കണം.
നാം പോരടിക്കുമ്പോൾ രാജ്യം വിഭജിക്കപ്പെടുന്നു. രാഷ്ട്രമെന്നത് ഒരു തുണ്ടു ഭൂമി മാത്രമല്ല അതിൻ്റെ അതിർത്തികൾക്കു അതിനെ ഏകോപിപ്പിക്കാനും കഴിയില്ല. ഒരു രാജ്യത്തിൻ്റെ നിലനിൽപ്പ് അവിടുത്തെ പൗരജനങ്ങളുടെ മനസിലാണ്. വിഭജനത്തിൻ്റെ വിത്ത് മുളച്ചാൽ ഒരു രാജ്യത്തിനും നിലനിൽപ്പില്ല.
നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ പൊരുതിയതും ജീവൻ ബലി കൊടുത്തതും വെറുതെയാകുന്ന കാഴ്ച നിർഭാഗ്യകരമാണ്. രാഷ്ട്രീയ പാർട്ടികൾ ഇന്ന് വിഭജനത്തിൻ്റെ പോരാളികളായി അവർ നമുക്കിടയിൽ വേലിക്കെട്ടുകൾ തീർക്കുന്നു.
വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് അകന്നു നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജി 1942ൽ ക്വിറ്റ് ഇന്ത്യാ എന്ന് ആജ്ഞാപിച്ചെങ്കിൽ 2024 ൽ നമ്മൾ ഹേറ്റ് ക്വിറ്റ് ഇന്ത്യ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഇന്ന് നാം വിദ്വേഷമില്ലാത്ത ഇന്ത്യയെ പുന:സൃഷ്ടിക്കുന്ന പ്രക്രിയയിലാണ്.
അക്രമങ്ങളും അനീതിയുമില്ലാത്ത ഒരു പുതിയ ഇന്ത്യയെ സ്വപ്നം കാണുന്നു. എല്ലാ ചെറുപ്പക്കാരും വിദ്വേഷത്തിനെതിരെയുള്ള സമരത്തിന് മാനസികമായി സജ്ജമാകുമ്പോഴാണ് പുതിയ ഇന്ത്യ ജനിക്കുന്നതെന്നും തുഷാർ ഗാന്ധി പറഞ്ഞു.
പാലാ അൽഫോൻസാ കോളജ് വിദ്യാർത്ഥിനി ലിയ മരിയ ജോസ് പുസ്തകങ്ങൾ നൽകി തുഷാർഗാന്ധി ഗാന്ധി സ്ക്വയറിൽ വരവേറ്റു. പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ ഷാളണിയിച്ചു.
പാലായിലെ ഗാന്ധിപ്രതിമ നിർമ്മിച്ച ശില്പി ചേരാസ് രവിദാസിനെയും വിവിധ മേഖലകളിലെ മികവിൻ്റെ അടിസ്ഥാനത്തിൽ നിഷ സ്നേഹക്കൂട് (ജീവകാരുണ്യം), സിജിത അനിൽ (സാഹിത്യം), ഐബി ജോസ് (ആരോഗ്യം), ബിന്ദു എൽസ (കല) എന്നിവരെ തുഷാർഗാന്ധി ആദരിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ സാബു കൂടപ്പാട്ട്, ഡോ ജോർജ് ജോസഫ് പരുവനാടി, ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ, മുനിസിപ്പൽ കൗൺസിലന്മാരായ സിജി ടോണി, വി സി പ്രിൻസ്, ബിജി ജോജോ, ലിസിക്കുട്ടി മാത്യു, ഫൗണ്ടേഷൻ ട്രഷറർ അനൂപ് ചെറിയാൻ, സോണി കലാഗ്രാം, സാബു എബ്രാഹം, രാജേഷ് ബി, ഒ എസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.
പാലാ സന്ദർശനത്തിൻ്റെ ഓർമ്മയ്ക്കായി തുഷാർഗാന്ധി ചന്ദനമരത്തൈ ഫൗണ്ടേഷൻ ഭാരവാഹികൾക്കു കൈമാറി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ഉപഹാരം ചെയർമാൻ എബി ജെ ജോസ് തുഷാർഗാന്ധിയ്ക്ക് സമ്മാനിച്ചു.