Mundakayam

മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും, ഡിസൈനും മറ്റും തയ്യാറാക്കുന്ന പ്രവർത്തികൾക്ക് 5.14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

അടിക്കടി ഉണ്ടായ പ്രളയങ്ങൾ നിലവിലുള്ള കോസ് വേ പാലത്തിനെ ദുർബലമാക്കിയിട്ടുണ്ട്. മുണ്ടക്കയം ടൗണിൽ നിന്നും എരുമേലി, പുഞ്ചവയൽ, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മുഴുവൻ ആളുകളും യാത്ര ചെയ്യുന്നതിന് നിലവിലുള്ള കോസ് വേ പാലമാണ് ഉപയോഗിച്ചുവരുന്നത്.

ഇതുമൂലം പലപ്പോഴും പാലത്തിൽ വലിയ ഗതാഗത തിരക്കും അനുഭവപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തി മുണ്ടക്കയം ടൗണിൽ നിന്നും മണിമലയാറിന് കുറുകെ കോസ് വേയ്ക്ക് സമാന്തരമായി പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെ തുടർന്നാണ് പാലത്തിന്റെ സർവ്വേ നടപടികളും , രൂപരേഖയും തയ്യാറാക്കുന്നതിന് 5.14 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതെന്ന് എംഎൽഎ പറഞ്ഞു.

പ്രളയ സാധ്യത മുന്നിൽകണ്ട് പ്രളയത്തെ അതിജീവിക്കത്തക്ക നിലയിൽ ഉയരം വർധിപ്പിച്ചാണ് പുതിയ പാലത്തിന്റെ ഡിസൈൻ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.

മുണ്ടക്കയം ടൗണിൽ കെ. കെ റോഡിൽ നിന്ന് നേരിട്ട് പാലത്തിലേക്ക് പ്രവേശിക്കുന്നതിന് അപ്രോച്ച് റോഡ് നൽകി പാലം നിർമ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും, ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായുള്ള ടെൻഡർ ക്ഷണിച്ച് ഇൻവെസ്റ്റിഗേഷൻ നടത്തി ഡിസൈനും, പ്ലാനും തയ്യാറാക്കി ലഭ്യമാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നേടി പുതിയ പാലം നിർമ്മാണം ആരംഭിക്കുന്നതിന് പരിശ്രമങ്ങൾ നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *