Erattupetta

ഈരാറ്റുപേട്ട റഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ എഞ്ചിനീയറുടെ റിപ്പോർട്ട് തള്ളണം

ഈരാറ്റുപേട്ട; റഗുലേറ്റർ കം ബ്രിഡ്ജ് ഈരാറ്റുപേട്ട വടക്കേക്കര മുക്കടയിൽ നിർമ്മിക്കുന്നതിന് പ്രയോഗിക ബുദ്ധിമുട്ടും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമല്ലായെന്ന് കാണിച്ച് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ പാലാ കൊടുത്ത റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതായതു കൊണ്ട് തള്ളണമെന്ന് ജനകീയ വികസന ഫോറം ആവശ്യപ്പെട്ടു.

തദ്ദേശ വകുപ്പ് പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ ഈരാറ്റുപേട്ട മാസ്റ്റർ പ്ലാനിൽ ടൗൺ പ്രദേശത്തെ ഗതാഗത തിരക്ക് കുറക്കുന്നതിന് ഇന്നർ റിംഗ് റോഡ് പദ്ധതി എന്ന നിലയിൽ വടക്കേക്കരയിലെ മുക്കട ചെക്ക് ഡാം സമീപത്ത് ഒരു പാലം അനുയോജ്യമാണെന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട് .

അരുവിത്തുറ കോളേജ് റോഡിൽ നിന്നും പുഴയിലേക്ക് നിലവിലുള്ള പൊതു ഇടവഴി അപ്രോച്ച് റോഡ് ആയി വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വിവിധ പുഴകളിൽ കാലഹരണപ്പെട്ട ചെക്ക് ഡാമുകൾ പൊളിച്ചു മാറ്റി റഗുലേറ്റർ കം ബ്രിഡ്ജ്. നിർമ്മിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്.

പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ ശ്രമ ഫലമായി കഴിഞ്ഞ വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ ചെക്ക് ഡാം നിലനിൽക്കുന്ന മുക്കട എന്നറിയപ്പെടുന്ന ഭാഗത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്ന പദ്ധതി ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തിയിട്ടുണ്ട് .

ഇക്കാര്യങ്ങൾ ഒന്നും തന്നെ പരിഗണിക്കാതെയാണ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ജനകീയ വികസന ഫോറം പ്രസിഡൻ്റ് പൊന്തനാൽ ഷെരീഫ് പറഞ്ഞു .

അതുകൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ അളവ് ജലം ഉൾക്കൊള്ളാൻ കഴിയുന്നതും വർഷ കാലത്ത് എക്കൽ അടിഞ്ഞു കൂടാത്ത നിലയിൽ ഷട്ടറുകൾ ഉയർത്തി വെച്ച് വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കുന്നതിനും ഉതകുന്ന വിധത്തിൽ ജനങ്ങളുടെ അഭിലാഷമായ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സഹായകരമായ സമഗ്ര റിപ്പോർട്ട് തയ്യാനാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോട്ടയം ഡിവിഷൻ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിൽ പൊന്തനാൽ ഷെരീഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *