Erattupetta

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി സമ്മേളനം 12 ന്

ഈരാറ്റുപേട്ട : 1964-ൽ 24 പെൺകുട്ടികളുമായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിച്ച മുസ്ലിം ഗേൾസ് എന്ന നാടിൻ്റെ ഏക പെൺപള്ളിക്കൂടം ഇന്ന് 2000 വിദ്യാർത്ഥികളുമായി അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 60 വർഷങ്ങൾ പിന്നിടുന്നു. 80 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 2002 മുതൽ മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂ‌ൾ പ്രവർത്തിക്കുന്നത്.

പാഠ്യരംഗത്തും പാഠ്യാനുബന്ധരംഗങ്ങളിലും നിരന്തരമായി നടക്കുന്ന മികവുറ്റ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. പഠനനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയമാണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഓരോ വർഷവും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകൾക്കിരുത്തി ഉന്നത വിജയം നേടുന്നത്. വിവിധ മത്സരപരീക്ഷകൾ, ക്വിസ് മത്സരങ്ങൾ എന്നിവയിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ വിജയകിരീടം അണിയുന്നു.

പൊതുവിദ്യാലയം എന്ന നിലയിൽ മുഖ്യധാരയിൽ നിന്നുകൊണ്ടുതന്നെ നിരവധി തനത് പ്രവർത്തനങ്ങൾ സ്‌കൂൾ നടത്തിവരുന്നു. സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ ക്ലബ്ബുകളാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നത്.

എൻ.എസ്.എസ്. എസ്.പി.സി. ഗൈഡിംഗ്, സാഫ്, ജെ ആർ .സിസയൻസ്, സോഷ്യൽ സയൻസ്, ലിറ്റിൽ കൈറ്റ്സ്, ഭാഷാ ക്ലബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും കഴിവുകളും പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

സാഫ്, പരിസ്ഥിതി ക്ലബ്ബ്, ഫോറസ്റ്റി ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്‌കൂൾ കാമ്പസിനെ ഹരിതാഭമാക്കുകയും തുടർച്ചയായി നിരവധി പുരസ്ക‌ാരങ്ങൾ വിദ്യാലയത്തിന് കൈപ്പിടിയിലൊതുക്കാൻ സഹായകമായിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ തൊഴിൽ പരിശീലനത്തിന് ഒരു കേന്ദ്രം “മന്ദാരം” എന്ന പേരിൽ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു.

ഇത് വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് അനുവദിച്ച ജില്ലയിലെ ഏക പരിശീലന കേന്ദ്രമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കാലികമായി ആവശ്യമായ പരിശീലനങ്ങളും ക്യാമ്പുകളും സ്‌കൂൾ മാനേജ്മെന്റ് കൃത്യമായി നൽകിവരുന്നു.

കലാ, കായിക, സാംസ്‌കാരിക മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ കായികപരിശീലനം, ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരുണ്ട്.

കായികരംഗത്ത് മികവ് പുലർത്തുന്ന വിദ്യാലയത്തിൽ സർവ്വസജ്ജമായ ഒരു കളിസ്ഥലം, ഇൻഡോർ സ്റ്റേഡിയം എന്നിവ നിലവിലുണ്ട്. ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ പതിറ്റാണ്ടുകളായി കിരീടം കരസ്ഥമാക്കുന്നത് ഈ വിദ്യാലയമാണ്. കൂടാതെ സ്‌കൂളിൽ ഉപകരണസംഗീതം, കരാട്ടെ എന്നിവയ്ക്കും പ്രത്യേകം കോച്ചിംഗ് നൽകിവരുന്നു.

വിദ്യാർത്ഥികളിൽ സംരംഭകത്വവികസനവും സംരംഭകത്വ സംസ്‌കാരവും പരിപോഷിപ്പിക്കുന്നതിന് വ്യവസായ വകുപ്പിൻ്റെ മേൽനോട്ടത്തിൽ സ്കൂ‌ളിൽ പ്രവർത്തിക്കുന്ന എൻട്രപ്രണർഷിപ്പ് ഡവലപ്‌മെൻ്റ് ക്ലബ്ബും (EDC) ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു.

സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന 38 വിദ്യാർത്ഥികൾക്ക് സ്‌കൂൾ മാനേജ്മെന്റ് പ്രതിമാസം 1000/- രൂപ സഹായധനം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു. കൂടാതെ “പാത്തുമ്മയുടെ ആട്” എന്ന ആട് വിതരണ പദ്ധതിയിലൂടെ താല്പ‌ര്യമുള്ള വിദ്യാർത്ഥികളുടെ കുടുംബത്തിന് സൗജന്യമായി ആടുകളെ വിതരണം ചെയ്‌തുവരുന്നു.

250-ലധികം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, ബാഗ്, കുട എന്നിവയൊക്കെ നൽകിക്കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളുമായി മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ഈ സ്‌കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 12-ന് (തിങ്കളാഴ്‌ച) രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും.

എം.ഇ.റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിക്കും. ഡോ.എം.എ.മുഹമ്മദ് സ്വാഗതം ആശംസിക്കും. ആ മുഖ പ്രഭാഷണം സ്കൂൾ മാനേജർ എം.കെ.അൻസാരി നടത്തും. എം.കെ. കൊച്ചുമക്കാർ മെമ്മോറിയൽ ഡയമണ്ട് ജൂബിലി ഗേറ്റിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി. യും ഡയമണ്ട് ജൂബിലിലോഗോയുടെ പ്രകാശനകർമ്മം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും നിർവ്വഹിക്കും.

വയനാട് ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്കുള്ള 5 ലക്ഷം രൂപയുടെ ചെക്ക് എം.എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കലിന് പ്രൊഫ.എം കെ.ഫരീദ് കൈമാറും.

ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പി പി. താഹിറ, എം.പി ലീന എന്നിവർ സംസാരിക്കും.എം.എഫ് അബ്ദുൽ ഖാദർ നന്ദി പറയും.

പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം .കെ.ഫരീദ് കാര്യങ്ങൾ വിശദീകരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി കെ.കൊച്ചുമുഹമ്മദ് ,ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ്, പി.പി.താഹിറ, എം.പി ലീന ,എച്ച് നിജാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *