രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്.
രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് പരിസ്ഥിതി ദിനത്തിൽ ഞാറു നട്ടുകൊണ്ട് നെൽകൃഷിക്ക് തുടക്കംകുറിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാർഗമാണ് അവലംബിക്കുന്നത്.
കൃഷിക്കായി തിരഞ്ഞെടുത്തത് തവളക്കണ്ണൻ എന്ന നാടൻ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകൻ കൂടിയായ ശ്രീ. മധു ചൂരവേലിൽ ആണ് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത്.
നെൽകൃഷിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ജോയി ജേക്കബ് വിദ്യർത്ഥികളോടൊപ്പം പാടത്ത് ഞാറു നട്ടുകൊണ്ടു നിർവഹിച്ചു. കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, വാർഡ് മെമ്പർ ശ്രീമതി അമ്മിണി കെ എൻ, വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് , പ്രോഗ്രാം ഓഫീസർമാരായ എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കോളേജിലെ നേച്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം, വീഡിയോഗ്രഫി മത്സരം, വൃക്ഷതൈനടീൽ തുടങ്ങിയ പരിപാടികളും നടത്തപ്പെട്ടു.
പരിപാടികൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ നിർമൽ കുര്യാക്കോസ്, ഷീന ജോൺ, നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ അഞ്ചു ജോർജ്, അധ്യാപകരായ ജോബിൻ പി മാത്യു, വിനീത്കുമാർ, സജേഷ്കുമാർ, സിജു മാത്യു, ജിതിൻ റോബിൻ, ഷീബ തോമസ്, ട്രേസി ജോൺ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വംനൽകി.