പൂഞ്ഞാർ: ഡൽഹിയിൽ നടന്ന 47-ാമത് അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി പൂഞ്ഞാർ സ്വദേശിനി മിനി ജോസ് നാടിന്റെ അഭിമാനമായി. മാസ്റ്റേഴ്‌സ് 80 പ്ലസ് കിലോഗ്രാം വിഭാഗത്തിലെ റൈറ്റ് ഹാൻഡ് മത്സരത്തിലാണ് മിനി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യത്തെ ലെഫ്റ്റ് ഹാൻഡ് മത്സരത്തിൽ മിനി അഞ്ചാം സ്ഥാനത്ത് എത്തിയെങ്കിലും വിട്ടുകൊടുത്തില്ല റൈറ്റ് ഹാൻഡിൽ സെക്കൻഡ് പ്രൈസ് കരസ്ഥമാക്കി
ഇന്ത്യയിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുള്ള പ്രമുഖ താരം പ്രീത സി.യെ പരാജയപ്പെടുത്തിയാണ് മിനി അന്താരാഷ്ട്ര വേദിയിൽ വെള്ളിമെഡൽ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ പ്രമുഖ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ മിനിയുടെ ഈ വിജയം ഏറെ ശ്രദ്ധേയമായി.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഇരട്ട വെള്ളിമെഡലുകൾ നേടിയാണ് മിനി അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. പൂഞ്ഞാർ റൂഫ് എഡ്ജ് ജിമ്മിലെ പരിശീലകൻ റിജു മാത്യുവിന്റെ കീഴിലാണ് 2023-ൽ പഞ്ചഗുസ്തി പരിശീലനം ആരംഭിച്ചത്. തുടർന്ന് പാലായിലെ ഇവോ ജിമ്മിലെ ഉണ്ണി ആശാന്റെയും റിനോ ആശാന്റെയും പ്രയത്നവുമാണ് അന്താരാഷ്ട്ര വേദിയിൽ രണ്ടാം സ്ഥാനത്തെത്താൻ മിനിക്ക് കരുത്തായത്.
കോതനല്ലൂർ ഇമ്മാനുവൽ ഹൈസ്കൂളിൽ മിനി, ഒന്നാം ക്ലാസ് മുതൽ കായികമത്സരങ്ങളിൽ മികവ് തെളിയിക്കുകയും പത്താം ക്ലാസിൽ സ്കൂൾ ചാമ്പ്യൻ പദവി നേടുകയും ചെയ്തിരുന്നു. കോതനല്ലൂർ പുളിയോരത്ത് മാത്യുവിന്റെയും കുഞ്ഞമ്മയുടെയും മകളാണ്. പത്തുവർഷത്തോളം അധ്യാപികയായി പ്രവർത്തിച്ചിട്ടുള്ള മിനി കുടുംബജീവിതത്തിനും ഭർത്താവ് ജോസിന്റെ വ്യാപാരസ്ഥാപനമായ അർച്ചന ബേക്കറിയുടെ നടത്തിപ്പിനുമൊപ്പം കായികരംഗത്തും സജീവമാണ്. ഭർത്താവിന്റെയും മൂന്ന് മക്കളുടെയും പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് മിനി പറഞ്ഞു.
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ യൂണിറ്റ് എന്നിവ മിനിയെ ആദരിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിലും മിനിക്ക് പ്രത്യേക ആദരവ് നൽകി. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ മിനിയുടെ നേട്ടം നാടിനും കുടുംബത്തിനും അഭിമാനമായി.





