കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ, സെന്റ് തോമസ് കോളേജ് പാലായുടെയും നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെയും സഹകരണത്തോടെ വികസിത് ഭാരത് യൂത്ത് ലീഡേഴ്സ് ഡയലോഗ് 2027-ന്റെ ഭാഗമായി കോട്ടയം ജില്ലാതല വികസിത് ഭാരത് യൂത്ത് പാർലമെന്റ് പ്രസംഗമത്സരം സെന്റ് തോമസ് കോളേജ് പാലായിൽ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടോജി തോമസ്, കോട്ടയം ജില്ലാ യുവജന ഓഫീസറുടെ ചുമതല വഹിക്കുന്ന പ്രിയങ്ക രാജീവ്, വൈസ് പ്രിൻസിപ്പൽ റവ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിനു ജോർജ്, ഡോ. ആന്റോ മാത്യു, നാഷണൽ യൂത്ത് വോളണ്ടിയർ അലൻ ജെ.വി. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മത്സരത്തിൽ സ്നേഹ മരിയ ജോസഫ് ഒന്നാം സ്ഥാനവും നിവേദ്യ കെ. രണ്ടാം സ്ഥാനവും സെറ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് സ്മാരകോപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
യുവജനങ്ങളുടെ ജനാധിപത്യബോധം, നേതൃത്വപാടവം, സാമൂഹിക ഉത്തരവാദിത്തം, രാഷ്ട്രനിർമാണത്തിലുള്ള പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.





