പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടലിലൂടെ വിസ തടസ്സം നീങ്ങി. ഇതോടെ കുറവിലങ്ങാട് കുര്യത്ത് താമസിക്കുന്ന അഡ്വ. സെബാസ്റ്റ്യൻ ജോസഫ് കുളത്താശ്ശേരിയുടെ മകളുടെയും കനേഡിയൻ പൗരനായ വരന്റെയും നാട്ടിലെ വിവാഹ സ്വീകരണച്ചടങ്ങ് യാതൊരു മുടക്കവുമില്ലാതെ നടക്കും.
കാനഡയിൽ താമസിക്കുന്ന മകളുടെയും കനേഡിയൻ പൗരനായ യുവാവിന്റെയും വിവാഹ റിസപ്ഷൻ വരുന്ന ഒക്ടോബർ 23 വെള്ളിയാഴ്ച പാലാ കിടങ്ങൂരിനടുത്തുള്ള ഹോട്ടൽ ക്രൗൺ റീജൻസിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിനായി ദമ്പതികൾക്ക് നാട്ടിലെത്താൻ ഒക്ടോബർ 18-ന് യാത്ര ചെയ്യാവുന്ന വിധത്തിൽ വിസയ്ക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും, സാങ്കേതിക തടസ്സങ്ങളും പൂജാവധിയുമായി ബന്ധപ്പെട്ട അവധികളും കാരണം വിസ ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി.
തുടർന്ന് തൃശൂരിലെ സാമൂഹ്യപ്രവർത്തകൻ ജോർജ്ജ് വട്ടുകുളവും കുടുംബാംഗങ്ങളും വിഷയം സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പാലാ മുനിസിപ്പൽ കൗൺസിലറുമായ ബിജു പുളിക്കകണ്ടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻതന്നെ ബിജു പുളിക്കകണ്ടം വിവരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ധരിപ്പിക്കുകയും വിസ സംബന്ധമായ രേഖകൾ കൈമാറുകയും ചെയ്തു.
വിവരമറിഞ്ഞ ഉടൻതന്നെ സുരേഷ് ഗോപി, ഡൽഹിയിലെ വിസ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ കാര്യക്ഷമമായ ഇടപെടലിനെ തുടർന്ന് വിസ അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കുടുംബത്തിന് ലഭിച്ചു.
സമയബന്ധിതമായ ഈ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച ചടങ്ങുകൾ മാറ്റിവേണ്ടി വരുമായിരുന്നുവെന്നും, സമയബന്ധിതമായി സഹായിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കുടുംബത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും അഡ്വ. സെബാസ്റ്റ്യനും കുടുംബവും വ്യക്തമാക്കി.
ഔദ്യോഗിക തിരക്കുകൾ ഏറെയുണ്ടെങ്കിലും, അദ്ദേഹം എങ്ങനെയും സമയം കണ്ടെത്തി വിവാഹ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ നേരണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഈ സ്നേഹാഭ്യർത്ഥന മന്ത്രി സുരേഷ് ഗോപിയെ നേരിട്ട് അറിയിക്കാമെന്ന് ബിജു പുളിക്കകണ്ടവും കുടുംബത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.





