Pala

സുവിശേഷവൽക്കരണവും സമുദായശക്തികരണവും സഭയുടെ നിലനിൽപ്പിന് അനിവാര്യമെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ: സഭയുടെ നിലനിൽപ്പും വളർച്ചയും സുവിശേഷവൽക്കരണത്തിലും കൗദാശികജീവിതത്തിലും സമുദായശക്തികരണത്തിലും അധിഷ്ഠിതമാണെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഓർമ്മിപ്പിച്ചു. 44-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷന്റെ മുന്നോടിയായി ശാലോം പാസ്റ്ററൽ സെൻ്ററിൽ ചേർന്ന ആലോചനായോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൺവെൻഷൻ്റെ നേതൃനിരയിലുള്ളവരുടെ പ്രവർത്തനങ്ങൾ വചനം കേൾക്കാനും ആഴത്തിൽ പഠിക്കാനും പഠിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരിക്കണമെന്നും അതോടൊപ്പം സമുദായ ശക്തികരണം പ്രധാന ലക്ഷ്യമായിരിക്കണമെന്നും മോൺ. വേത്താനത്ത് വ്യക്തമാക്കി.

തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലും ടീമും നയിക്കുന്ന ‘വചനാഭിഷേകം’ ബൈബിൾ കൺവെൻഷൻ 2026 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 വരെ നടക്കും. കൺവെൻഷനു മുന്നോടിയായി ഒക്ടോബർ 27-ന് ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബ കൂട്ടായ്മ ടീം അംഗങ്ങളുടെ സംയുക്ത സമ്മേളനം നടക്കുമെന്നും എല്ലാ വോളണ്ടിയേഴ്സും ഇതിൽ നിർബന്ധമായി പങ്കെടുക്കണമെന്നും വികാരി ജനറാൾ അറിയിച്ചു.

യോഗത്തിൽ ഈ വർഷത്തെ ബജറ്റ് ശ്രീ. ജോണിച്ചൻ കൊട്ടുകാപ്പിള്ളി അവതരിപ്പിച്ചു. രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. തോമസ് ഓലായത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾസൺ കുന്നുംപുറത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, പോൾസൺ പൊരിയത്ത്, സോഫി വൈപ്പന, ഷിജു വെള്ളപ്ലാക്കൽ, ബാബു പോൾ പെരിയപ്പുറം, തുടങ്ങിയവരും കരിസ്മാറ്റിക്, കുടുംബകൂട്ടായ്മ ഭാരവാഹികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *