Melukavu

കേരളത്തിൽ ആദ്യമായി പശ്ചിമഘട്ട ലോക പൈതൃക പദവിയ്‌ക്ക് എതിരെ മേലുകാവ് ഗ്രാമപഞ്ചായത്ത് ഐകകണ്ഠേന പ്രമേയം പാസാക്കി

മേലുകാവ്മറ്റം: പശ്ചിമഘട്ട ലോക പൈതൃക നാമനിർദ്ദേശത്തിൽ മേലുകാവ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കണം; ഗ്രാമപഞ്ചായത്ത് ഐകകണ്ഠേന പ്രമേയം പാസാക്കി. പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി ലഭിക്കുന്നതിനായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ UNESCO World Heritage Centre/World Heritage Committee-യ്ക്ക് സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശ രേഖകൾ, മാപ്പുകൾ, മാനേജ്മെന്റ് പ്ലാനുകൾ, അനുബന്ധ രേഖകൾ എന്നിവയിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മേലുകാവ് വില്ലേജ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേലുകാവ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന പ്രമേയം പാസാക്കി.

ഒക്ടോബർ 13-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം ഇടമറുക് വാർഡ് നമ്പർ 8 അംഗം ജെറ്റോ ജോസ് പടിഞ്ഞാറെപ്പീടിക അവതരിപ്പിച്ചത് പഞ്ചായത്ത്‌ കമ്മിറ്റി ഐകകണ്ഠേന അംഗീകരിച്ചു . വാർഡ് നമ്പർ 4 അംഗം ഷൈനി ബേബി പിന്തുണച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി അധ്യക്ഷത വഹിച്ചു.

പശ്ചിമഘട്ട ലോക പൈതൃക നാമനിർദ്ദേശവുമായി ബന്ധപ്പെട്ട Nomination Dossier, maps, annexures, management plans, supporting documents എന്നിവയിൽ മേലുകാവ് വില്ലേജിനെ സംബന്ധിച്ച പരാമർശമോ അതിർത്തി ഉൾപ്പെടുത്തലോ മാപ്പിംഗോ ഉണ്ടോയെന്ന് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഔദ്യോഗികമായി പരിശോധിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു.

മേലുകാവ് വില്ലേജ് ഏതെങ്കിലും നാമനിർദ്ദേശ രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കൃത്യമായ മാപ്പ്, അതിർത്തി, ഉൾപ്പെടുത്തലിന്റെ അടിസ്ഥാനം, ബന്ധപ്പെട്ട രേഖകൾ, നിയമപരമായ നില എന്നിവ പഞ്ചായത്തിന് ലഭ്യമാക്കണമെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോടും കേരള സർക്കാരിനോടും ആവശ്യപ്പെടും.

വസ്തുതാപരമായോ അതിർത്തി നിർണയത്തിലുണ്ടായ പിശകുമൂലമോ മേലുകാവ് വില്ലേജ് ലോക പൈതൃക നാമനിർദ്ദേശ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം പരാമർശവും മാപ്പിംഗും തിരുത്തി നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. “മേലുകാവ് ജനവാസവും കൃഷിയും വിവിധ ഉപജീവന പ്രവർത്തനങ്ങളും നിലനിൽക്കുന്ന പ്രദേശമാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. അതോടൊപ്പം ജനങ്ങളുടെ ഭൂമിയുടമസ്ഥാവകാശം, കൃഷി, താമസം, ഉപജീവനം, വികസന സാധ്യതകൾ, മറ്റ് നിയമപരമായ അവകാശങ്ങൾ എന്നിവയും സംരക്ഷിക്കപ്പെടണം.

ഇവിടെ കർഷകർ കൃഷി ചെയിത റബ്ബർ ഉൾപ്പെടെ ഉള്ള മരങ്ങൾ പശ്ചിമഘട്ട സംരക്ഷണം പേരിൽ മരങ്ങൾ മുറിച്ച് മാറ്റാൻ പറ്റില്ല എന്ന അവസ്ഥയെ ഭയന്ന് 12 വർഷമായി വൻ തോതിൽ മുറിച്ച് മാറ്റപ്പെടുകയാണ്. കൂടാതെ പുതിയതായി മരങ്ങൾ നട്ടുപിടിപ്പിയ്ക്കാൻ കർഷകർ വൈമനസ്യം കാണിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന് പകരം പരിസ്ഥിതി നാശം എന്ന അവസ്ഥ ഇവിടെ നടക്കാതെ ഇരിക്കാൻ അടിയന്തരമായി ഇ. എസ്. എ. വിഷയത്തിൽ മേലുകാവ് വില്ലേജ് ഉൾപ്പെടില്ല എന്ന കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തീരുമാനം ഉടൻ ഉണ്ടാകണം.

കൂടാതെ മേലുകാവിനെ സംബന്ധിച്ച് ലോക പൈതൃക നാമനിർദ്ദേശ രേഖകളിൽ എന്തെങ്കിലും ഉൾപ്പെടുത്തൽ നിലവിലുണ്ടെങ്കിൽ അതിന്റെ യഥാർഥ സ്ഥിതി ജനങ്ങളെയും പഞ്ചായത്തിനെയും അറിയിക്കുകയും ആവശ്യമായ പുനഃപരിശോധന നടത്തുകയും വേണം,” പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി പറഞ്ഞു.

ലോക പൈതൃക പദവിയുമായി ബന്ധപ്പെട്ട് ഭാവിയിൽ ഏതെങ്കിലും സംരക്ഷണ–മാനേജ്മെന്റ് വ്യവസ്ഥകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ മേലുകാവിലെ കർഷകരുടെയും പ്രദേശവാസികളുടെയും താൽപര്യങ്ങളും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കണമെന്ന നിലപാടും പഞ്ചായത്ത് രേഖപ്പെടുത്തി.
UNESCO-യെ നേരിട്ട് അറിയിക്കും.

പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം UNESCO World Heritage Centre, Paris-നെ ഔദ്യോഗികമായി അറിയിക്കാനും യോഗം തീരുമാനിച്ചു. മേലുകാവ് വില്ലേജിനെ സംബന്ധിച്ച് ലോക പൈതൃക നാമനിർദ്ദേശത്തിൽ ഏതെങ്കിലും രേഖപ്പെടുത്തൽ നിലവിലുണ്ടെങ്കിൽ, മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ നിലപാടും പ്രദേശവാസികളുടെ താൽപര്യങ്ങളും പരിഗണിച്ച് അത് പുനഃപരിശോധിക്കണമെന്ന് UNESCOയോട് ആവശ്യപ്പെടും.

“മേലുകാവിന്റെ ഭാവിയെയും ജനജീവിതത്തെയും ബാധിക്കാൻ സാധ്യതയുള്ള രേഖപ്പെടുത്തലുകൾ ഉണ്ടെങ്കിൽ അതുസംബന്ധിച്ച വിവരങ്ങൾ പഞ്ചായത്തിനും ജനങ്ങൾക്കും ലഭ്യമാകണം. ജനങ്ങളുടെ ആശങ്കകൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും മേലുകാവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം,” പ്രസിഡന്റ് ബിൻസി ടോമി വ്യക്തമാക്കി.

2026 സെപ്റ്റംബർ 25-ന് ഇ.എസ്. എ. മേലുകാവ് വില്ലേജിനെക്കുറിച്ച് The Hindu ഇന്റർനാഷണൽ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “Zones of worry: lives on the boil on forest fringes in Kerala after new ESA notification” എന്ന വാർത്തയും പഞ്ചായത്ത് കമ്മിറ്റി പരിഗണിച്ചു. വാർത്തയുടെ പകർപ്പ് പ്രമേയത്തിന്റെ അനുബന്ധമായി ബന്ധപ്പെട്ട കേന്ദ്ര–സംസ്ഥാന അധികാരികൾക്കും UNESCO World Heritage Centre-നും കൈമാറാനും തീരുമാനിച്ചു.
2026 ജൂലൈ 27-ലെ ESA Draft Notification No. S.O. 4106, പശ്ചിമഘട്ട ലോക പൈതൃക നാമനിർദ്ദേശവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളും മാപ്പുകളും മറ്റ് അനുബന്ധ രേഖകളും പ്രമേയത്തോടൊപ്പം നൽകും.

പ്രമേയത്തിന്റെ പകർപ്പ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേരള സർക്കാർ, ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് അധികാരികൾ, പാലാ MLA മാണി സി. കാപ്പൻ, കോട്ടയം MP ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി MP, UNESCO World Heritage Centre എന്നിവർക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും അയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *