പാലാ നഗരസഭയിലെ 13-ാം വാർഡ് (മുരിക്കുംപുഴ), 14-ാം വാർഡ് (പരിപ്പിക്കുന്നേൽ), 15-ാം വാർഡ് (പാലംപുരയിടത്തിൽ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു മുനിസിപ്പൽ റോഡാണ് മുരിക്കുംപുഴ – കണ്ണാടിയുറുമ്പ് റോഡ്. ദിനംപ്രതി കാൽനടയായും വാഹനങ്ങളിലുമായി നൂറുകണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
എന്നാൽ, ഏതാനും വർഷങ്ങളായി ഈ റോഡ് പൂർണ്ണമായും തകർന്ന് യാത്രായോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഏകദേശം 1.2 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ഈ റോഡിന്റെ പുനരുദ്ധാരണത്തിനും ടാറിംഗിനുമായി ഒരു വാർഡിൽ അനുവദിക്കപ്പെടുന്ന തുക മാത്രം തികയാത്ത സാഹചര്യമുള്ളതിനാൽ, 13, 14 വാർഡുകളുടെ വിഹിതം സംയോജിപ്പിച്ചാണ് റോഡ് പണി പൂർത്തിയാക്കാൻ വിഭാവനം ചെയ്തിരിക്കുന്നത്.
പ്രസ്തുത റോഡിന്റെ ടാറിംഗിനായി ശ്രീ. ഉണ്ണികൃഷ്ണൻ (അരവിന്ദ്, വള്ളീച്ചിറ) ആണ് ടെണ്ടർ എടുത്തിട്ടുള്ളത്. എന്നാൽ കരാറുകാരനുമായി ബന്ധപ്പെട്ടപ്പോൾ, മാർച്ച് മാസത്തിൽ മാത്രമേ റോഡ് പണി ആരംഭിക്കാൻ സാധിക്കൂ എന്നാണ് അറിയിച്ചിട്ടുള്ളത്.
ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ തികച്ചും പരിതാപകരവും അപകടാവസ്ഥയിലുമാണ്. ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. സാധാരണക്കാർ ആശ്രയിക്കുന്ന ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ഉള്ള യാത്ര തീർത്തും ദുരിതപൂർണ്ണവും അപകടകരവുമാണ്. കാൽനടയാത്രക്കാർക്കും സുഗമമായി നടന്നുപോകാൻ കഴിയാത്തവിധം റോഡ് തകർന്നിരിക്കുന്നു. പ്രത്യേകിച്ചും സ്കൂൾ വിദ്യാർത്ഥികളും പ്രായമായവരും രോഗികളും വലിയ പ്രയാസങ്ങളാണ് നേരിടുന്നത്.
ഇന്നലെ (09-10-2026, വെള്ളി) രാവിലെ ഈ റോഡിലൂടെ കാൽനടയായി വന്ന ഒരു സ്ത്രീ റോഡിലെ വലിയ കുഴിയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. റോഡിന്റെ ഈ അവസ്ഥ പ്രദേശവാസികളിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുവാൻ ഓട്ടോറിക്ഷകൾ പോലും ഈ വഴി വരാൻ തയ്യാറാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ആയതിനാൽ, മുരിക്കുംപുഴ – കണ്ണാടിയുറുമ്പ് റോഡിന്റെ ടാറിംഗ് പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ, യാത്രക്കാരുടെ ജീവന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി റോഡിലെ വലിയ ഗർത്തങ്ങളിൽ പാറമണ്ണോ (ഗ്രാവൽ) മെറ്റലോ ഇട്ട് താത്കാലികമായെങ്കിലും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.





