കോട്ടയം: കോട്ടയം ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്റുകളായ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനും പാമ്പാടി പഞ്ചായത്ത് കുമ്പന്താനം വാർഡും യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് തിരികെ പിടച്ചടക്കിയത് സംസ്ഥാന ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികൾക്കും അഹങ്കാരത്തിനും ധാഷ്ഠ്യത്തിനും എതിരെ ജനങ്ങൾ നൽകിയ വിധിയെഴുത്താണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
നാലുമാസം കൊണ്ട് യു.ഡി.എഫിൻ്റെ ഭരണ വൈകല്യം ജനങ്ങൾ തിരിച്ചറിഞ്ഞു. പവ്വർ കട്ട്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ,കെടുകാര്യസ്ഥത ,ആരോഗ്യമേഖലയുടെ തകർച്ച തുടങ്ങിയവയെല്ലാം യു.ഡി.എഫിനെ പിന്നോട്ട് നയിച്ചതായി പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
എൽ.ഡി.എഫിൻ്റെ ചിട്ടയായ പ്രചാരണമാണ് ഭരണസ്വാധീനം ചെലുത്തിയിട്ടും വൻ വിജയത്തിലേയ്ക്ക് എൽ.ഡി.എഫിനെ നയിച്ചത്.എൽ.ഡി.എഫ് നയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയങ്ങൾ എന്നും എൽ.ഡി.എഫിനെ സഹായിച്ച വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.





