പാലാ: കരുവാറ്റ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതി ഉന്നയിച്ചതായി പറയപ്പെടുന്ന ഗുരുതരമായ ആരോപണം പോലീസ് ഉദ്യോഗസ്ഥൻ പരസ്യപ്പെടുത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പരാതി നൽകിയത്. ഇതേത്തുടർന്ന് പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഡി ജി പി നിർദ്ദേശം നൽകി.
കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ട വ്യക്തിക്കെതിരെ ‘ബാഡ് ടച്ച്’ നടത്തിയതായി ആരോപണം ഉന്നയിച്ചുവെന്ന വിവരം എസ്.പി. വിഷ്ണു പ്രദീപ് വെളിപ്പെടുത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രതിയുടെ മൊഴിയിൽ പറയുന്ന കാര്യം അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച നടപടി അനുചിതവും അവഹേളനപരവുമാണെന്ന് പരാതിയിൽ പറയുന്നു.
ആരോപണം ശരിയാണെങ്കിൽ അതിന്റെ എല്ലാ വശങ്ങളും നിയമാനുസൃതമായി അന്വേഷിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഗുരുതരമായ ആരോപണം പരസ്യപ്പെടുത്തുന്നത് മരണപ്പെട്ട വ്യക്തിയുടെ അന്തസ്സിനെയും കുടുംബത്തിന്റെ മാന്യതയെയും ബാധിക്കാനിടയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു പ്രതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞുവെന്നത് മാത്രം കൊണ്ട് അത് തെളിയിക്കപ്പെട്ട സത്യമായി മാറുന്നില്ല. മൊഴിയുടെ സാഹചര്യവും സ്ഥിരതയും അതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ശാസ്ത്രീയ പരിശോധനയുടെ ഫലങ്ങളും ഉൾപ്പെടെ അന്വേഷണത്തിലൂടെ പരിശോധിക്കേണ്ടതാണ്.
പ്രത്യേകിച്ച് ആരോപണം നേരിടുന്ന വ്യക്തി മരണപ്പെട്ട സാഹചര്യത്തിൽ, തന്റെ ഭാഗം വിശദീകരിക്കാനോ ആരോപണം നിഷേധിക്കാനോ അദ്ദേഹത്തിന് ഇനി കഴിയില്ല. അതിനാൽ ഇത്തരം ആരോപണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
എസ്.പിയുടെ പരാമർശത്തെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം മരണപ്പെട്ട വ്യക്തിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതും പരാതിയിൽ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾക്ക് പൊതുസമൂഹത്തിൽ സ്വാഭാവികമായും വലിയ വിശ്വാസ്യതയുള്ളതിനാൽ അന്വേഷണഘട്ടത്തിലെ ഒരു ആരോപണം പോലീസ് ഉദ്യോഗസ്ഥന്റെ പരാമർശത്തിലൂടെ പുറത്തുവരുമ്പോൾ അത് പിന്നീട് പൊതുസമൂഹത്തിന്റെ വിധിയായി മാറാനുള്ള സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരള പോലീസിന്റെ ദൗത്യപ്രഖ്യാപനത്തിൽ പൗരന്മാരുടെ അവകാശങ്ങൾ മാനിച്ചും അവരുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചും പ്രവർത്തിക്കുമെന്ന നിലപാട് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ, മരണപ്പെട്ട വ്യക്തിയുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതും പോലീസ് നേതൃത്വം പരിശോധിക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു.
എസ്.പി.യുടെ പ്രസ്താവനയുടെ പൂർണ്ണ ഉള്ളടക്കം പരിശോധിക്കുക, പ്രസ്താവനയുടെ വീഡിയോ–ഓഡിയോ ദൃശ്യങ്ങൾ പരിശോധിക്കുക, അന്വേഷണഘട്ടത്തിലെ ആരോപണം പരസ്യപ്പെടുത്തിയത് നിലവിലുള്ള പോലീസ് മാർഗനിർദേശങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കുക, വീഴ്ച കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കുക, വസ്തുതാപരമായ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ പോലീസ് ഔദ്യോഗിക വിശദീകരണം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.
പോലീസിനെ വിമർശിക്കുകയല്ല പരാതിയുടെ ലക്ഷ്യമെന്നും പോലീസിന്റെ വിശ്വാസ്യതയും പൗരന്മാരുടെ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന പൊതുതാൽപര്യമാണ് പരാതിക്ക് പിന്നിലെന്നും എബി ജെ ജോസ് പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഒരു ആരോപണം കേട്ടപാടെ അത് പൊതുസമൂഹത്തിന്റെ വിധിയായി മാറരുത്. പ്രത്യേകിച്ച് സംസാരിക്കാൻ കഴിയാത്ത ഒരു മരിച്ച മനുഷ്യനെക്കുറിച്ച് പറയുമ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ ഓരോ വാക്കിനും വലിയ ഉത്തരവാദിത്വമുണ്ടെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.





