ഭരണങ്ങാനം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (KITE) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് ഭരണങ്ങാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ സെബിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകി. പരിശീലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി ഫുട്ബോൾ കളിക്കുന്ന റോബോട്ടുകൾ നിർമ്മിക്കുകയും, തങ്ങൾ തയ്യാറാക്കിയ കോഡുകൾ ഉപയോഗിച്ച് അവ പ്രവർത്തിപ്പിക്കുകയും ചെയ്തു.
ഉച്ചകഴിഞ്ഞ് നടന്ന പി.ടി.എ. യോഗത്തിൽ വിദ്യാർത്ഥികൾ റോബോട്ടുകളുടെ പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികളുടെ സാങ്കേതിക മികവ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രശംസ നേടി.



