കാഞ്ഞിരപ്പളളി: റോഡിലും ജീവിതത്തിലും സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിക്ക് തുടക്കമായി. ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി എം.എൽ.എ പ്രൊഫ. റോണി കെ ബേബി പദ്ധതിയുടെ ലോഗോ ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐക്ക് നൽകി പ്രകാശനം ചെയ്തു.
റോഡ് അപകടങ്ങൾ, വീഴ്ച്ചകൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഗോൾഡൻ മണിക്കൂറിൽ (അപകടത്തിന് ശേഷം ആദ്യത്തെ ഒരു മണിക്കൂറിനകം) തന്നെ മികച്ച ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മേരീക്വീൻസ് മിഷൻ ആശുപത്രിലെ ആക്‌സിഡന്റ് ആൻഡ് ട്രോമാ കെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശുഭയാത്ര പദ്ധതിയുടെ കീഴിൽ സ്ഥിരം അപകട മേഖലകളിൽ അധികൃതരുടെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങൾ സജ്ജമാക്കും.
കൂടാതെ അപകടത്തിപ്പെടുന്നവർക്കായി 24 മണിക്കൂറും മേരീക്വീൻസ് ആക്സിഡന്റ് ആൻഡ് ട്രോമാ കെയർ വിഭാഗം സേവനങ്ങൾ പ്രത്യേക നിരക്കിളവിൽ ലഭ്യമാക്കും. ട്രാഫിക് ബോധവൽക്കരണം, ലഹരി വിരുദ്ധ അവബോധന പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തകർ, ഓട്ടോ ടാക്സി തൊഴിലാളികൾ തുടങ്ങിയവർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം, രക്ഷാപ്രവർത്തകരെ ആദരിക്കൽ, വാക്കത്തോൺ, പരിസ്ഥിതി സൗഹാർദ യാത്രസൗകര്യങ്ങളുടെ പ്രചാരണം, അവബോധന വിഡിയോകൾ തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ കീഴിൽ നടപ്പിലാക്കും.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജോയിൻ്റ് ഡയറക്ടർമാരായ ഫാ. സിറിൾ തളിയൻ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ടിസൺ കോച്ചേരിൽ സി.എം.ഐ തുടങ്ങിവർ മേൽനോട്ടം വഹിച്ചു.





