പാലാ: ജൂൺ -15 മുതൽ കെ.എസ്.ആർ ടി.സി. ഓർഡിനറി ബസുകളിൽ ലഭ്യമാകുന്ന സൗജന്യ സ്ത്രീ യാത്രാ സൗകര്യം അനാവശ്യ യാത്രയ്ക്കായി ഉപയോഗിക്കുന്നതിൽ നിന്നും മാറി നിൽക്കുവാൻ വനിതകൾ തയ്യാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു.
നിലവിൽ ചില റൂട്ടുകളിൽ മാത്രമാണ് ഓർഡിനറി സർവ്വീസുകൾ ഉള്ളത്. പണം കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ യാത്രാ സൗകര്യങ്ങളും ഉറപ്പാക്കപ്പെടണം.
ഇരിപ്പിടത്തിനായി തർക്കങ്ങൾക്ക് ഇടവരുത്തരുത്. പാലാ മേഖലയിൽ നിന്നും എറണാകുളം ഉൾപ്പെടെയുള്ള ദ്വീർഘദൂരയാത്രാ ബസ്സുകൾ സൗജന്യക്കാർ കൈയ്യടക്കിയാൽ പകരം സംവിധാനം ഇല്ലാത്തതിനാൽ നിരവധി പേർക്ക് വലിയ യാത്രാ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ലിംഗ വിവേചനം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലാത്തതിനാൽ ഓർഡിനറി ബസ്സുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്ര എന്നത് ന്യായമായ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുമ്പോൾ ഉള്ള സാമൂഹിക അപകട വശങ്ങളെ പറ്റി കൂടി പഠിക്കണമെന്നും സ്കൂൾ സമയത്ത് യൂണിഫോമിട്ട കുട്ടികൾക്ക് സൗജന്യ യാത്ര ഉണ്ടായിരിക്കില്ല എന്ന് നിഷ്കർഷിക്കണമെന്നും വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സൗജന്യ യാത്ര എന്ന വാക്കിന് കേൾക്കുവാനുള്ള ഭംഗിക്ക് അപ്പുറത്തേക്ക് ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ വളരെ വലുതാണ്.
സൗജന്യ യാത്രക്കാരെ ഉപയോഗിച്ച് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും സാമൂഹി തിന്മകൾക്കും വഴി തുറക്കുവാനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുന്ന കരുതൽ കൂടി അധികൃതർക്ക് ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.സണ്ണി കിഴക്കേടം പ്രമേയം അവതരിപ്പിച്ചു.





