സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്കു ട്രോളിങ് നിരോധനം ഏർപ്പെടുത്തി. കടൽവിഭവങ്ങളുടെ പ്രജനന കാലയളവിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തുന്ന നിരോധനം ഫലപ്രദമായി നടപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പും ബന്ധപ്പെട്ട മറ്റു വകുപ്പുകളും ഒരുക്കിയിരിക്കുന്നത്.
നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ, ഇൻബോർഡ് വള്ളങ്ങൾക്കൊപ്പമുള്ള കാരിയർ വള്ളങ്ങൾ ഉൾപ്പെടെയുള്ള ട്രോൾ ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് കർശന വിലക്കുണ്ടാകും. എന്നാൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ബാധകമല്ല.
നിരോധനം തുടങ്ങുന്നതോടെ പ്രധാന ഫിഷിങ് ഹാർബറുകളുടെയും ലാൻഡിങ് സെന്ററുകളുടെയും പ്രവർത്തനം സ്തംഭിക്കും. ഇതര സംസ്ഥാന ബോട്ടുകൾ 9 ന് മുൻപായി കേരളതീരം വിട്ടുപോകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ലൈഫ് ഗാർഡ്, പ്രത്യേക ബോട്ടുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
മത്സ്യബന്ധനം നിലയ്ക്കുന്നതു മൂലം പ്രതിസന്ധിയിലാകുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഈ കാലയളവിൽ സൗജന്യ റേഷനടക്കമുള്ള സഹായം ഏർപ്പെടുത്തും.
നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ കടുത്ത പിഴയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.





