മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
എറണാകുളം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അദ്ദേഹം, ദീർഘകാലം ഡി.സി.സി. പ്രസിഡന്റായും കെ.പി.സി.സി. ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം, നോർത്ത് പറവൂർ മുൻസിപ്പൽ ചെയർമാൻ, മിൽമ ചെയർമാൻ എന്നീ നിലകളിലും മികച്ച സേവനമാണ് കാഴ്ചവെച്ചത്.





