മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്.
സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ, സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. പിണറായി വിജയനും മകൾ വീണാ വിജയനുൾപ്പടെയുള്ളവരും തിരുവനന്തപുരത്തെ വീട്ടിലാണ് ഉള്ളത്. രാവിലെ ആറ് മണിക്ക് കണ്ണൂരിലെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയർടേക്കറെ വിളിച്ച് വരുത്തി തുറപ്പിക്കുകയായിരുന്നു. പിന്നാലെ സിപിഎം പ്രവർത്തകർ ഇങ്ങോട്ടേക്കെത്തി. വീടിന് മുന്നിൽ പ്രതിഷേധം നടക്കു





