Ramapuram

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ യുഗപ്രഭാവൻ: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ജാതി മത ഭേദമന്യേ ഏവരുടേയും സ്നേഹവും ബഹുമാനവും നേടിയ വ്യക്തിത്വമാണ് തേവർ പറമ്പിൽ കുഞ്ഞച്ചൻ എന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ യുഗപ്രഭാവനാണ് അദ്ദേഹമെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

വാഴ്ത്തപ്പെട്ട അഗസ്റ്റിൻ തേവർപറമ്പിൽ കുഞ്ഞച്ചന്റെ ജീവിതവും ദർശനങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞച്ചൻ അതിമാനുഷനായ ഒരു പുണ്യാത്മാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദളിത് സമൂഹത്തോടുള്ള സ്നേഹവും ലാളിത്യവും ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

ദൈവത്തോട് അടുക്കുന്നവൻ മനുഷ്യരിൽ നിന്ന് അകന്നുപോകുകയല്ല, മറിച്ച് മനുഷ്യരോട് കൂടുതൽ അടുക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് പറഞ്ഞ അദ്ദേഹം സ്വർഗത്തിലേക്ക് ഉയർന്നിട്ടും കുഞ്ഞച്ചൻ മനുഷ്യരോട് കൂടുതൽ അടുത്തിരിക്കുകയാണ് എന്ന സന്ദേശവും പങ്കുവച്ചു.

ശാരീരിക പരിമിതികളെ ആത്മീയ ശക്തിയാൽ മറികടന്ന വ്യക്തിയായിരുന്നു കുഞ്ഞച്ചൻ എന്നും, ജീവിതത്തിൽ കർശനമായ അച്ചടക്കവും മിതത്വവും പാലിച്ച അദ്ദേഹം,ആത്മീയ മഹത്വത്തിന്റെ ഉദാത്ത ഉദാഹരണമായി മാറിയെന്നും ബിഷപ്പ് വ്യക്തമാക്കി.“വാക്കുകളല്ല,ഹൃദയത്തിന്റെ സ്വരമാണ് കേൾക്കേണ്ടത്”എന്ന വിശുദ്ധ സിപ്പ്രിയാന്റെ ആശയം കുഞ്ഞച്ചന്റെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞച്ചൻ ചെയറിൻ്റെ പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ,കോളേജ് മാനേജർ വെരി.റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ‘നസ്രാണിപ്പെരുമ’ എന്ന പുസ്തകം ചെയർ ഡയറക്ടർ റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ പരിചയപ്പെടുത്തി.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,ഡി സി എം എസ് രൂപത ഡയറക്ടർ ഫാ. തോമസ് കിഴക്കേകൊല്ലിത്താനം,രാമപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. കെ. ശാന്താറാം,കോളേജ് വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ്‌ കൊച്ചുപറമ്പിൽ,ജോബിൻ പുതിയിടത്തു ചാലിൽ,സ്റ്റാഫ് സെക്രട്ടറി സുനിൽ കെ. ജോസഫ്, ചെയർ സെക്രട്ടറി റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *